Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയിലായ 441 സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സഹായിക്കാൻ സർക്കാർ മെഗാ പാക്കേജ് ഒരുക്കുന്നു. നിക്ഷേപകർക്ക് പണം പൂർണമായി തിരിച്ചുനൽകാൻ കഴിയാത്ത സ്ഥാപനങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയാണ് നടപടി. പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തി നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള പാക്കേജിൻ്റെ രൂപരേഖ സർക്കാർ തലത്തിൽ തയ്യാറായി വരികയാണ്. പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രതിസന്ധിയുടെ കാരണങ്ങളും ഉത്തരവാദികളെയും സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാനാണ് സഹകരണ വകുപ്പിൻ്റെ നീക്കം.
ഡിപ്പോസിറ്റ് ഗ്യാരൻ്റി സ്കീമിന് പുറമേ ധനസഹായം
നിലവിലുള്ള ഡിപ്പോസിറ്റ് ഗ്യാരൻ്റി സ്കീം കൂടി ഉൾപ്പെടുത്തിയുള്ള മെഗാ പാക്കേജിനാണ് സർക്കാർ രൂപം നൽകുന്നത്. അടുത്തിടെ നിക്ഷേപ ഗ്യാരൻ്റി തുക 10 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിരുന്നു. സ്കീമിലെ തുകയ്ക്ക് പുറമേ ബാങ്കുകളുടെ സർച്ചാർജ് ഇനത്തിൽ നിന്നുള്ള തുകയും പാക്കേജിനായി ലഭ്യമാക്കും. ഇതിന് പുറമേ വിവിധ ഫണ്ടുകൾ ക്രോഡീകരിക്കാനും സർക്കാർ തലത്തിൽ ധനസഹായം നൽകാനും ശ്രമം നടക്കുന്നുണ്ട്. ഓരോ ബാങ്കിനും നഷ്ടം വന്നതിൻ്റെ നിശ്ചിത ശതമാനം തുകയാകും പാക്കേജ് വഴി ലഭ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.
കരുവന്നൂരിന് പിന്നാലെ പ്രതിസന്ധി വ്യാപകം
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടും തുടർന്നുണ്ടായ പ്രതിസന്ധിയും സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപം തിരിച്ചുനൽകാനാകാത്ത പ്രശ്നങ്ങൾ ആവർത്തിച്ചു. എന്നാൽ, പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം സമഗ്രമായി പരിശോധിച്ച് സംസ്ഥാനതലത്തിൽ പ്രശ്നപരിഹാരം കാണാനുള്ള നടപടികൾ നേരത്തേ ഉണ്ടായിരുന്നില്ല.
ഓരോ സംഭവത്തെയും ഒറ്റപ്പെട്ട പ്രശ്നമായി പരിഗണിച്ചുള്ള ഇടപെടലുകളാണ് നടന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇടുക്കിയിലും യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വടകരയിലും നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് ആത്മഹത്യകൾ ഉണ്ടായതും സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.
സഹകരണ ബാങ്കിങ് മേഖലയിലെ നിക്ഷേപ ചോർച്ച
ഒരു സഹകരണ ബാങ്കിൻ്റെ സ്വന്തം ഫണ്ടിൽ പ്രധാനമായും ഓഹരി മൂലധനവും ലാഭത്തിൽനിന്ന് മാറ്റിവയ്ക്കുന്ന കരുതൽ ഫണ്ടുമാണ് ഉൾപ്പെടുന്നത്. ബാങ്കിൻ്റെ പ്രവർത്തനത്തിൽ ലാഭമില്ലാതാകുകയും നഷ്ടം സ്വന്തം ഫണ്ടിനേക്കാൾ ഉയരുകയും ചെയ്യുന്ന ഘട്ടത്തിലാണ് നിക്ഷേപത്തുകയിൽ ഇടിവ് സംഭവിക്കുന്നത്.
ബാങ്കിൻ്റെ സ്വന്തം ഫണ്ടിനെക്കാൾ അധികമായി ഉണ്ടാകുന്ന നഷ്ടം നികത്താൻ നിക്ഷേപത്തുകയിൽനിന്ന് പണം ഉപയോഗിക്കേണ്ടിവരും. ഈ സ്ഥിതി തുടർന്നാൽ നിക്ഷേപകരുടെ പണം പൂർണമായി തിരിച്ചുനൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് ബാങ്കുകൾ നീങ്ങും. നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിന് അടിയന്തരമായി സാമ്പത്തിക പുനരുജ്ജീവന നടപടികൾ ആവശ്യമാകുന്നതും ഇതുമൂലമാണ്.
നിക്ഷേപത്തുക ഉപയോഗിച്ച് ശമ്പളം നൽകരുത്
പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ പണം ജീവനക്കാരുടെ ശമ്പളത്തിനായി ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ രജിസ്ട്രാറുടെ നിർദേശമുണ്ട്. നിക്ഷേപത്തുക ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകരുതെന്ന് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. ബാങ്കുകളുടെ ദൈനംദിന പ്രവർത്തനച്ചെലവുകൾ പോലും നിക്ഷേപകരുടെ പണത്തെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടിൻ്റെ ഭാഗമായാണ് നിർദേശം.
ക്രമക്കേടിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടം ഈടാക്കുംസാമ്പത്തിക ക്രമക്കേടോ സ്വജനപക്ഷപാതമോ മറ്റു ഭരണപരമായ വീഴ്ചകളോ മൂലമാണ് നഷ്ടമുണ്ടായതെന്ന് കണ്ടെത്തുന്ന പക്ഷം, അതിൻ്റെ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നതിന് പകരം ഉത്തരവാദികളിൽ നിന്നുതന്നെ നഷ്ടം ഈടാക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്. ബാങ്കുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് മുൻപ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം നിർണയിക്കാനും അതനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കാനും ആലോചനയുണ്ട്.
പ്രതിസന്ധിക്ക് കാരണമായ മറ്റ് സാമ്പത്തിക, ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും രക്ഷാപാക്കേജിൽ ഉൾപ്പെടുത്താനാണ് സാധ്യത. ബാങ്കുകളുടെ സാമ്പത്തിക പുനഃസംഘടന, നിക്ഷേപകരുടെ താത്പര്യസംരക്ഷണം, നഷ്ടപരിഹാര സാധ്യതകൾ, ഭരണപരമായ വീഴ്ചകൾ പരിഹരിക്കൽ തുടങ്ങിയവയും പാക്കേജിൻ്റെ ഭാഗമായേക്കും.
ഭരണസമിതിയെ മാറ്റുന്നതിൽ ഭിന്നാഭിപ്രായം
വീഴ്ച വരുത്തിയ അതേ ഭരണസമിതി തുടരുന്ന ബാങ്കുകൾക്ക് വീണ്ടും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ഭരണപരമായ വീഴ്ചകൾക്ക് ഉത്തരവാദികളായ ഭരണസമിതിയെ മാറ്റിയശേഷം മാത്രമേ ബാങ്കുകൾക്ക് സാമ്പത്തിക സഹായം അനുവദിക്കാവൂ എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഭരണസമിതി പുനഃസംഘടിപ്പിച്ചതിന് ശേഷമേ സഹായം നൽകാവൂ എന്ന കാര്യത്തിൽ സഹകരണ വകുപ്പ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഈ വിഷയത്തിൽ വ്യക്തമായ തീരുമാനം എടുത്തതിന് ശേഷമായിരിക്കും മെഗാ രക്ഷാപാക്കേജ് പ്രഖ്യാപിക്കുക.
ലക്ഷ്യം നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കൽ
സാമ്പത്തിക പ്രതിസന്ധിയിലുള്ള 441 സഹകരണ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തിയത് പ്രശ്നങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ സംസ്ഥാനതലത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ്. നിക്ഷേപം നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിവാക്കി സഹകരണ ബാങ്കുകളിലെ ഇടപാടുകാരുടെ വിശ്വാസം വീണ്ടെടുക്കുകയും പ്രതിസന്ധിയിലുള്ള സ്ഥാപനങ്ങളെ സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം. പാക്കേജിൻ്റെ അന്തിമ രൂപവും അതിൻ്റെ നടപ്പാക്കൽ രീതിയും ഭരണസമിതികളുമായി ബന്ധപ്പെട്ട തീരുമാനത്തിന് ശേഷമാകും വ്യക്തമാകുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR