കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ 'കേരള ഫ്ലഡ് റെസിലിയന്സ് ഇനിഷ്യേറ്റീവ്' നടപ്പാക്കാൻ സംസ്ഥാന സർക്കാർ.
Thiruvananthapuram, 14 ഓഗസ്റ്റ് (H.S.) കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ ''കേരള ഫ്ലഡ് റെസിലിയന്സ് ഇനിഷ്യേറ്റീവ്'' നടപ്പാക്കാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐ
FLOOD RESILIENCE INITIATIVE


Thiruvananthapuram, 14 ഓഗസ്റ്റ് (H.S.)

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ 'കേരള ഫ്ലഡ് റെസിലിയന്സ് ഇനിഷ്യേറ്റീവ്' നടപ്പാക്കാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ ഒരുക്കങ്ങളാണ് വിദഗ്ധ സംഘം നിർദേശിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജന്സ്, മെഷീൻ ലേണിംഗ്, റിമോട്ട് സെന്സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും പദ്ധതി വഴി സാധിക്കും.

പുഴകൾ, തടാകങ്ങൾ, കായലുകൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികൾ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്നും ഐഐടി സംഘം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും നടപ്പാക്കൽ രീതികളും സംബന്ധിച്ച് വിശദമായി പരിശോധിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ തുടർനടപടികൾ സ്വീകരിക്കുക.

ഉന്നതതല യോഗത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News