ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറി ദുരന്തം: 7 മരണം, രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു
Dehradun , 14 ഓഗസ്റ്റ് (H.S.) ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള പീപ്പൽക്കോട്ടിയിൽ നിർമ്മാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിലേക്ക് വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറി ഏഴ് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പ
ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറി ദുരന്തം: 7 മരണം, രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു


Dehradun , 14 ഓഗസ്റ്റ് (H.S.)

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള പീപ്പൽക്കോട്ടിയിൽ നിർമ്മാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിലേക്ക് വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറി ഏഴ് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട രണ്ട് പേർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ടെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (THDC) പീപ്പൽക്കോട്ടിയിലുള്ള പദ്ധതി പ്രദേശത്താണ് അപകടമുണ്ടായത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി (HCC) നിർമ്മാണ പ്രവർത്തനം നടത്തിയിരുന്ന തുരങ്കത്തിലേക്ക് വൈകുന്നേരം 6:30-നും 6:45-നും ഇടയിലാണ് പെട്ടെന്ന് വലിയ അളവിൽ വെള്ളവും ചെളിയും ഇരച്ചുകയറിയത്.

വൻ രക്ഷാപ്രവർത്തനം

അപകട സമയം 22 ഓളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF), സിഐഎസ്എഫും (CISF) പ്രാദേശിക ഭരണകൂടവും ചേര്ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF), ഇന്ത്യൻ സൈന്യം, ഇൻഡോ-തിബറ്റൻ ബോർഡർ പോലീസ് (ITBP) എന്നിവരുടെ പ്രത്യേക സംഘങ്ങളും പ്രദേശത്തേക്ക് എത്തിച്ചേർന്നു.

തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 20 പേരെ രക്ഷാസേനാംഗങ്ങൾ പുറത്തെടുത്ത് ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിച്ചവരിൽ 7 പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ 13 പേരിൽ 10 പേർ നിലവിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അവശേഷിക്കുന്ന രണ്ടുപേർക്കായി തെരച്ചിൽ

ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാറും എന്ഡിആർഎഫ് കമാൻഡന്റ് അമൃത് ലാൽ മീനയും നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

തുരങ്കത്തിനുള്ളിൽ വലിയ തോതിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ആധുനിക സജ്ജീകരണങ്ങളോടെ രക്ഷാസേനാംഗങ്ങൾ തുരങ്കത്തിനുള്ളിലേക്ക് കടന്ന് നീക്കം നടത്തുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതികരണം

സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന ഓരോ വ്യക്തിയെയും സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി എക്സിൽ (X) കുറിച്ചു.

---------------

Hindusthan Samachar / Roshith K


Latest News