Enter your Email Address to subscribe to our newsletters

Washington, 14 ഓഗസ്റ്റ് (H.S.)
വാഷിംഗ്ടൺ: ഇറാന് എതിരായി അഞ്ച് മാസത്തിലേറെയായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടം നേരിട്ടതായി റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന അത്യാധുനിക 'എംക്യു-9 റീപ്പർ' (MQ-9 Reaper) ഡ്രോണുകളിൽ ഏകദേശം 25 ശതമാനത്തോളം ഇല്ലാതായതായി വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 45-ഓളം റീപ്പർ ഡ്രോണുകളാണ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത്.
നഷ്ടപ്പെട്ട എല്ലാ ഡ്രോണുകളും ഇറാൻ വെടിവെച്ചിട്ടതല്ലെന്നും ചിലത് ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് തകർന്നു വീണതാണെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുദ്ധം ആരംഭിക്കുമ്പോൾ അമേരിക്കൻ വ്യോമസേനയുടെയും മറൈൻ കോർപ്സിന്റെയും കൈവശം ആകെ 185 റീപ്പർ ഡ്രോണുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 45 എണ്ണം നഷ്ടമായതോടെ അമേരിക്കൻ ഖജനാവിന് 1.3 ബില്യൺ ഡോളറിലധികം (ഏകദേശം 10,000 കോടിയിലധികം രൂപ) സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
2007-ൽ യുഎസ് സൈന്യത്തിന്റെ ഭാഗമായ റീപ്പർ ഡ്രോണുകൾ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രഹസ്യാന്വേഷണത്തിനും ആക്രമണങ്ങൾക്കുമായി വലിയ തോതിൽ ഉപയോഗിച്ചു വരുന്നവയാണ്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, യമൻ തുടങ്ങിയ മേഖലകളിൽ അമേരിക്ക പ്രധാന ആയുധമായി ഉപയോഗിച്ചതും ഈ ഡ്രോണുകളെയായിരുന്നു. എന്നാൽ, ഇറാനെതിരായ പോരാട്ടത്തിൽ ഈ ഡ്രോണുകൾക്ക് കനത്ത ആഘാതമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
ഇതിനിടെ, ഇറാന് എതിരായ യുദ്ധത്തിന്റെ ഭാരിച്ച ചിലവുകളെക്കുറിച്ച് അമേരിക്കയിൽ വൻ പ്രതിഷേധവും ചർച്ചകളും ഉയരുന്നുണ്ട്. യുദ്ധത്തിനായി ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവായതായി യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. പന്റഗണിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും ആയുധശേഖരം പുനഃസ്ഥാപിക്കാനും കോൺഗ്രസിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഡ്രോണുകളുടെ നഷ്ടം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്.
ഈ സാഹചര്യത്തിൽ സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള വഴികൾ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായാൽ യാതൊരു ആണവ കരാറുമില്ലാതെയും സൈനിക നടപടികൾ അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സന്നദ്ധമാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അതേസമയം, നിലവിലെ അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്ന 2028 വരെ യുദ്ധം തുടരാൻ തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്.
ഇന്ത്യൻ സൈന്യത്തിന് വേണ്ടിയും 31 റീപ്പർ ഡ്രോണുകൾ വാങ്ങാൻ 2024-ൽ ഇന്ത്യ അമേരിക്കയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, അമേരിക്കൻ ഡ്രോണുകൾക്കുണ്ടായ ഈ വലിയ തകർച്ച ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K