Enter your Email Address to subscribe to our newsletters

New delhi, 14 ഓഗസ്റ്റ് (H.S.)
സവര്‍ക്കര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ നിലനിന്നിരുന്ന കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. രാഹുലിനെതിരേ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് കേസും അതിന്റെയടിസ്ഥാനത്തില്‍ ലഖ്നൗ കോടതി പുറപ്പടുവിച്ച സമന്‍സും സുപ്രീംകോടതി റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുല്‍ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് നല്‍കിയ കേസ് റദ്ദാക്കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-എ, 505 വകുപ്പുകള്‍ പ്രകാരം വിചാരണ നേരിടാന്‍ ലഖ്നൗവിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സ് ചോദ്യംചെയ്താണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ വിഷയത്തില്‍ ഇടപെടാന്‍ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഇന്ന് കേസ് വാദത്തിനെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചോദിച്ചു. സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ പ്രകാരമുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബര്‍ 17-ന് നടത്തിയ പ്രസംഗത്തിലാണ് സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെയാണ് ലഖ്നൗവിലെ വിചാരണ കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കിയത്. പരാമര്‍ശം സമൂഹത്തില്‍ വിദ്വേഷവും അസ്വാരസ്യവും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആദ്യം പരാതി തള്ളിയെങ്കിലും പിന്നീട് സെഷന്‍സ് കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് വിഷയം വീണ്ടും പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് ലഖ്നൗ മജിസ്‌ട്രേറ്റ് രാഹുല്‍ ഗാന്ധിക്കെതിരേ സമന്‍സ് പുറപ്പെടുവിച്ചു.
2025 ഏപ്രിലില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സമന്‍സ് നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാഹുലിന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി സവര്‍ക്കറെ പ്രശംസിച്ച് കത്തെഴുതിയിരുന്ന കാര്യവും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
---------------
Hindusthan Samachar / Sreejith S