വധശ്രമം : സുഖ്ബീര് സിങ് ബാദല് ആശുപത്രി വിട്ടു
chandigarh, 14 ഓഗസ്റ്റ് (H.S.) വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടപഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദല്‍ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സുഖ്ബീര്‍ സിംഗ് ബാദല്‍ ഡിസ്ചാര്‍ജ് ആയത്. നാന്ദെഡിലെ യശോസായി
badal


chandigarh, 14 ഓഗസ്റ്റ് (H.S.)

വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടപഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദല്‍ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സുഖ്ബീര്‍ സിംഗ് ബാദല്‍ ഡിസ്ചാര്‍ജ് ആയത്. നാന്ദെഡിലെ യശോസായി ആശുപത്രിയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തി എയര്‍ ആംബുലന്‍സില്‍ പഞ്ചാബിലേക്ക് തിരിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നലെയുണ്ടായ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടെങ്കിലും സാരമായ പരിക്കുകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. കൈയ്ക്കുണ്ടായ പരിക്ക് പരിശോധിച്ച് ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്ദേഹം സ്വദേശത്തേയ്ക്ക് മടങ്ങിയത്. മൂര്‍ച്ചയുള്ള ആയുധം തുളച്ചുകയറിയതിന്റെ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. ഏകദേശം 90 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയ ആയിരുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നാന്ദേഡിലെ ഗുരുദ്വാര മാതാ സാഹിബ് ദേവന്‍ ജി മുഗട്ടിലെ ജസ്പാല്‍ നിഹാങ് എന്നയാളാണ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കൊമേഴ്സ്, നിയമ ബിരുദങ്ങള്‍ നേടിയ ജസ്പാല്‍ നിഹാങ് സിംഗ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുദ്വാരയില്‍ ജോലി ചെയ്തു വരികയായിരുന്നു. 60-62 വയസ്സ് പ്രായമുള്ള പ്രതി നാന്ദേഡില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, പൊതുപ്രവര്‍ത്തകനെ അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ നിന്ന് തടയല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ആക്രമണത്തില്‍ ബാദലിന്റെ സുരക്ഷയ്ക്കുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റു.കുടുംബസമേതം നാന്ദേഡിലെ തഖ്ത ശ്രീ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബാദല്‍. ഭാര്യയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലും ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിന് ശേഷമുള്ള വീഡിയോയില്‍ വലതുകൈയില്‍ കാവി തുണി ചുറ്റിയ നിലയില്‍ ബാദല്‍ നടക്കുന്നത് കാണാം. ആക്രമി വയറ്റില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു

രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുഖ്ബീര്‍ സിംഗ് ബാദലിനുനേരെ ആക്രമണം ഉണ്ടാകുന്നത്. 2024 ഡിസംബര്‍ 4-ന് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് പുറത്ത് വച്ചും ബാദലിന് നേരെ വെടിവയ്പ് ശ്രമം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം സേവാദാര്‍ ചുമതല നിര്‍വഹിക്കുകയായിരുന്നു. 2007 മുതല്‍ 2017 വരെ പഞ്ചാബില്‍ അകാലിദള്‍ ഭരണകാലത്ത് നടന്ന 'തെറ്റുകള്‍'ക്ക് അകല്‍ തഖ്ത 'തന്‍ഖ' എന്ന മതപരമായ ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു അത്. അന്ന് ആക്രമണത്തില്‍ നിന്ന് ബാദല്‍ രക്ഷപ്പെടുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News