Enter your Email Address to subscribe to our newsletters

Bengaluru, 15 ഓഗസ്റ്റ് (H.S.)
കര്‍ണാടകയിലെ വനത്തില്‍ മൂന്നു പേരെ വെടിവച്ച് കൊന്നു. വനപാലകരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വിശദീകരണം. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചു.
ചാമരാജനഗര്‍ ജില്ലയിലെ ഹാനൂരിലാണ് സംഭവം. രോഷാകുലരായ ഗ്രാമവാസികളും മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകര്‍ത്തു. ഓഫിസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.
ഓഫീസിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അനാവശ്യ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഹാനൂരില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തില്‍ മൂന്ന് പേരും ചേര്‍ന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം വേര്‍തിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് കര്‍ണാടക ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്.
ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങാന്‍ വനപാലകര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ മൂന്നുപേരും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം ഹാനൂര്‍ താലൂക്കിലെ തോമിയാര്‍പാളയം സ്വദേശികളാണ്.
മൃതദേഹങ്ങള്‍ മൈസൂരുവിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S