Enter your Email Address to subscribe to our newsletters

Srinagar, 15 ഓഗസ്റ്റ് (H.S.)
പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റുകയും ചെയ്തില്ലായിരുന്നെങ്കില്‍, പാകിസ്താന്‍ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ജനങ്ങള്‍ ജമ്മു കശ്മീരുമായി ലയിക്കാന്‍ മുന്നോട്ടുവരുമായിരുന്നു എന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. 1947ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗ അധിനിവേശക്കാര്‍ക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാന്‍ തിരഞ്ഞെടുത്ത കശ്മീരിലെ ജനങ്ങളുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് പി.ഒ.കെയിലെ ഇപ്പോഴത്തെ സാഹചര്യമെന്ന് അബ്ദുള്ള അഭിപ്രായപ്പെട്ടു. ജനാധിപത്യ അവകാശങ്ങള്‍ക്കായി വാദിച്ചതിന് പിഒകെയില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പി.ഒ.കെയിലെ ഈ സാഹചര്യത്തില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യം കശ്മീരിലെത്തുന്നതിന് മുമ്പ് തന്നെ, 1947-ല്‍ പാകിസ്താന്‍ അധിനിവേശക്കാര്‍ക്കെതിരെ പോരാടാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും കശ്മീരിലെ ജനങ്ങളെ നയിച്ച തന്റെ മുത്തശ്ശനും ജമ്മു കശ്മീരിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയ്ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
'അതിര്‍ത്തിക്കപ്പുറമുള്ള സാഹചര്യം കാണുമ്പോള്‍, 'അധിനിവേശക്കാരെ സൂക്ഷിക്കുക, ഞങ്ങള്‍ കശ്മീരികള്‍ തയ്യാറാണ്' എന്ന നമ്മുടെ പൂര്‍വ്വികരുടെ മുദ്രാവാക്യം എത്രമാത്രം ശരിയായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പി.ഒ.കെയിലെ സാഹചര്യം കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. അദ്ദേഹം പറഞ്ഞു.
'2019-ല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും റദ്ദാക്കിയിരുന്നില്ലെങ്കില്‍, ഒരുപക്ഷേ ഇന്ന് പി.ഒ.കെയിലെ ജനങ്ങള്‍ ജമ്മു കശ്മീരുമായി വീണ്ടും ഒന്നിക്കുന്നതിനായി മുന്നോട്ടുവരുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അപ്പുറത്തുള്ളവര്‍ക്കായി അസംബ്ലിയില്‍ ഞങ്ങള്‍ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത് ഒരു ദിവസം ഇവ നികത്തപ്പെടും എന്ന പ്രതീക്ഷയിലാണ്.' അബ്ദുള്ള പറഞ്ഞു.
2019 ഓഗസ്റ്റില്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും മറ്റ് ഭരണഘടനാപരമായ ഉറപ്പുകളും പുനഃസ്ഥാപിക്കുന്നതിനായി പോരാടാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഒമര്‍ അബ്ദുള്ള ആവര്‍ത്തിച്ചു.
'സംസ്ഥാന പദവിയും ഭരണഘടനാപരമായ ഉറപ്പുകളും പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിനും ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഞങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും.' തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അബ്ദുള്ള പറഞ്ഞു.
അതേസമയം, അബ്ദുള്ളയുടെ ഭാഗത്തുനിന്നും ഉണ്ടായത് 'ഉത്തരവാദിത്തമില്ലാത്ത' പ്രസ്താവനകളാണെന്ന് ബിജെപി വിമര്‍ശിച്ചു. 'മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണിത്. നമ്മുടെ ദേശീയ പതാകയെ നാം ആദരിക്കേണ്ട ഈ ദേശീയ ദിനത്തില്‍ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്.' ബിജെപി നേതാവും ജമ്മു കശ്മീര്‍ അസംബ്ലിയിലെ പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ്മ പറഞ്ഞു.
'സ്വന്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം ഈ അവസരം ഉപയോഗിക്കേണ്ടതായിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇത് രാഷ്ട്രീയത്തിനായാണ് ഉപയോഗിച്ചത്.' പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
---------------
Hindusthan Samachar / Sreejith S