Enter your Email Address to subscribe to our newsletters

Newdelhi, 16 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (ഞായറാഴ്ച) തമിഴ്നാട്ടിലെത്തും. ചെന്നൈ, ചെങ്കൽപട്ട്, തിരുവാരൂർ, തഞ്ചാവൂർ എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്ന വിവിധ അക്കാദമിക്, സാംസ്കാരിക, അനുസ്മരണ ചടങ്ങുകളിൽ അദ്ദേഹം പങ്കാളിയാകും.
ആദ്യ ദിന പരിപാടികൾ (ഓഗസ്റ്റ് 16)
സന്ദർശനത്തിൻ്റെ ആദ്യ ദിനമായ ഞായറാഴ്ച, ചെങ്കൽപട്ട് കാട്ടാങ്കുളത്തൂരിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (SRMIST) 22-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ചെന്നൈ ടി. നഗറിലെ വാണി മഹലിൽ നടക്കുന്ന, മുൻ ഗവർണർ അന്തരിച്ച ലാ. ഗണേശൻ്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. നാഗാലാൻഡ്, മണിപ്പൂർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വമാണ് ലാ. ഗണേശൻ.
വൈകുന്നേരം ചെന്നൈ ഡി.ജി വൈഷ്ണവ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും. ഹിന്ദു മുന്നണി സ്ഥാപകനായിരുന്ന അന്തരിച്ച കെ. രാമഗോപാലൻ്റെ ചിന്തകളും ലേഖനങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ 'എക്കോസ് ഓഫ് എ നാഷണലിസ്റ്റ് മൈൻഡ്' (Echoes of a Nationalist Mind) എന്ന പുസ്തകമാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്.
രണ്ടാം ദിന പരിപാടികൾ (ഓഗസ്റ്റ് 17)
സന്ദർശനത്തിൻ്റെ രണ്ടാം ദിനമായ തിങ്കളാഴ്ച, തിരുവാരൂരിലുള്ള തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സി.പി. രാധാകൃഷ്ണൻ പങ്കെടുക്കും. തുടർന്ന് തഞ്ചാവൂരിലെ ശാസ്ത്ര (SASTRA) കൽപിത സർവകലാശാലയുടെ റൂബി-സിൽവർ ജൂബിലി സമാപന സമ്മേളനത്തിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കുചേരും.
സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികളുമായി സംവാദം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉപരാഷ്ട്രപതി ഭവനിൽ വെച്ച് ഡൽഹിയിലെയും ഗാസിയാബാദിലെയും സ്കൂൾ വിദ്യാർത്ഥികളുമായി ഉപരാഷ്ട്രപതി കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ന്യൂഡൽഹി കെ.ആർ മംഗളം വേൾഡ് സ്കൂൾ, ഗാസിയാബാദ് പ്രിസിഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
വിദ്യാർത്ഥികളാണ് രാജ്യത്തിൻ്റെ ഭാവിയെന്നും 'വികസിത് ഭാരത്' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾ നിരന്തരമായ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വലിയ സ്വപ്നങ്ങൾ കാണാൻ മടിക്കരുതെന്നും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. അക്കാദമിക് പഠനത്തോടൊപ്പം കായികരംഗത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും അറിവും അച്ചടക്കവും ആത്മവിശ്വാസവും സേവനമനോഭാവവും വളർത്തിയെടുത്ത് രാഷ്ട്രപുരോഗതിക്കായി സംഭാവന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിൻ്റെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെ (X) പങ്കുവെച്ചിരുന്നു.
---------------
Hindusthan Samachar / Roshith K