ബിജെപി ദേശീയ നേതൃത്വത്തില് അഴിച്ചുപണി; കേരളത്തിലെ മൂന്ന് നേതാക്കള്ക്ക് സാധ്യത
New delhi, 17 ഓഗസ്റ്റ് (H.S.) ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചു പണിയെന്ന് റിപ്പോര്‍ട്ട്. അനുരാഗ് ഠാക്കൂറും സ്മൃതി ഇറാനിയും തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ്പുരത്തു വരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ തന്റെ പുതിയ ടീമിനെ തിങ്
BJP ELECTION FUND CONTROVERSY


New delhi, 17 ഓഗസ്റ്റ് (H.S.)

ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചു പണിയെന്ന് റിപ്പോര്‍ട്ട്. അനുരാഗ് ഠാക്കൂറും സ്മൃതി ഇറാനിയും തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ്പുരത്തു വരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ തന്റെ പുതിയ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പുനഃസംഘടനയില്‍ അനുഭവസമ്പത്തും പുതുതലമുറയുടെ ഊര്‍ജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം.

45 വയസ്സുകാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന ഖ്യാതിയോടെയാണ് ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സംഘടനാ അഴിച്ചുപണിയാണിത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതോടൊപ്പം പ്രാദേശികമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. അനുഭവപരിചയമുള്ള മുതിര്‍ന്ന നേതാക്കളെയും പുതിയ മുഖങ്ങളെയും ഒരേപോലെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ നിതിന്‍ നബിന്‍ ലക്ഷ്യമിടുന്നത്.

ദേശീയ തലത്തില്‍ അറിയപ്പെടുന്ന മുഖങ്ങളായ ഠാക്കൂറിന്റെയും ഇറാനിയുടെയും തിരിച്ചുവരവ് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകുമെന്നും വിലയിരുത്തലുണ്ട്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ലോക്സഭാ എംപിയായ അനുരാഗ് ഠാക്കൂര്‍ നേരത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായും കായിക മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ വനിതാ നേതാവായ സ്മൃതി ഇറാനി അമേഠിയില്‍ നിന്നുള്ള മുന്‍ ലോക്സഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമാണ്. ബിജെപി മഹിളാ മോര്‍ച്ചയുടെ അധ്യക്ഷയായും ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ക്ക് പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍ വലിയ പരിചയസമ്പത്തുണ്ട്. ഇവരുടെ രാഷ്ട്രീയ പാടവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഗുണകരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

2027-ല്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ സംഘടനാ പുനഃസംഘടന. യുവത്വം, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സംതുലനം എന്നിവയില്‍ ഊന്നിയുള്ള പുതിയ ഘടന ബിജെപിയുടെ ദേശീയ തന്ത്രങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലിയിരുത്തല്‍.

ദേശീയ പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍ നിന്ന് മൂന്ന് പ്രധാന നേതാക്കളുടെ പേരുകളാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. ദേശീയ നേതൃത്വത്തിലേക്ക് പുതുമുഖമായി പ്രതീക്ഷിക്കപ്പെടുന്ന അനൂപ് ആന്റണിക്ക് യുവമോര്‍ച്ച പ്രഭാരി സ്ഥാനം ഒഴിഞ്ഞ ശേഷം മറ്റ് കാര്യമായ ചുമതലകള്‍ നല്‍കിയിരുന്നില്ല. പുതിയ പട്ടികയിലൂടെ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിക്ക് പുതിയ ദേശീയ നേതൃനിരയിലും സ്ഥാനം തുടര്‍ന്നുകിട്ടാനുള്ള സാധ്യതയേറെയാണ്. അവസാനഘട്ട സാധ്യതാ പട്ടികയിലുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രായപരിധിയില്‍ കടുംപിടുത്തമില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ ചുമതല ലഭിച്ചേക്കും.

---------------

Hindusthan Samachar / Sreejith S


Latest News