Enter your Email Address to subscribe to our newsletters

Chennai , 17 ഓഗസ്റ്റ് (H.S.)
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി രാഷ്ട്രീയ നേതാവ് കെ. അണ്ണാമലൈ. സർക്കാർ പദ്ധതികൾക്കായുള്ള കരാറുകളും ടെൻഡറുകളും അനുവദിക്കുന്നതിന് മന്ത്രിമാർ കരാറുകാരിൽ നിന്ന് നിശ്ചിത ശതമാനം കമ്മീഷനായി ആവശ്യപ്പെടുകയാണെന്നും ഇതിന് വ്യക്തമായ ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വിജയ് സർക്കാരിനെതിരെയുള്ള അണ്ണാമലൈയുടെ ഈ വെളിപ്പെടുത്തൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ടെൻഡറുകൾക്ക് കമ്മീഷൻ ആവശ്യപ്പെടുന്നുവെന്ന് ആരോപണം
സർക്കാർ ടെൻഡറുകളിൽ രണ്ട് മുതൽ നാല് ശതമാനം വരെ കമ്മീഷൻ ആവശ്യപ്പെടുന്ന പ്രവണത മന്ത്രിസഭയിലെ ചിലർ ആരംഭിച്ചിട്ടുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പണം ചെലവഴിച്ചിട്ടുണ്ടെന്നും അതിനാൽ കരാറുകളിൽ നിന്ന് വിഹിതം നൽകണമെന്നും മന്ത്രിമാർ കരാറുകാരോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖകൾ തന്റെ പക്കലുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വലിയ പദ്ധതികളിലടക്കം ക്രമക്കേടുകൾ നടക്കാൻ തുടങ്ങിയെന്നും ഇത് സർക്കാരിന്റെ ഭരണ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു
മുഖ്യമന്ത്രി വിജയ് വ്യക്തിപരമായി അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സത്യസന്ധനായ ഭരണാധികാരിയാണെന്ന് അണ്ണാമലൈ അടിവരയിട്ടു പറഞ്ഞു. എന്നാൽ, മന്ത്രിസഭയിലെ ചിലരുടെ അഴിമതി നിറഞ്ഞ പ്രവർത്തനങ്ങൾ വിജയിയുടെയും പുതിയ സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തുകയാണ്. അഴിമതിക്കെതിരെ 'സീറോ ടോളറൻസ്' പ്രഖ്യാപിച്ച മുഖ്യമന്ത്രി, തന്റെ സത്യസന്ധത ഭരണത്തിലെ മറ്റു സഹപ്രവർത്തകരിലും ഉദ്യോഗസ്ഥരിലും ഉറപ്പാക്കാൻ കർശനമായ നടപടികൾ സ്വീകരിക്കണം. മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാൻ കൃത്യമായ അവലോകന യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുത്തലിന് സമയം നൽകുമെന്ന് വിശദീകരണം
പുതിയ സർക്കാരിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ അതിനെ പൂർണ്ണമായി അസ്ഥിരപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും തെറ്റുകൾ തിരുത്താൻ സർക്കാരിന് നിശ്ചിത സമയം നൽകുമെന്നും അണ്ണാമലൈ പറഞ്ഞു. വീഴ്ചകൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ തെളിവുകൾ കൃത്യമായ ഘട്ടത്തിൽ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഴിമതി തുടച്ചുനീക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് മുന്നിൽ സ്വന്തം മന്ത്രിമാരെ നിലയ്ക്കുനിർത്തുക എന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K