ബംഗാളിലെ താരപീഠ് ഹോട്ടലില് തീപിടിച്ച് 7 തീര്ഥാടകര് വെന്തുമരിച്ചു
Kolkkatha, 17 ഓഗസ്റ്റ് (H.S.) പശ്ചിമ ബംഗാളിലെ തീര്‍ഥാടന കേന്ദ്രമായ താരപീഠിലെ സ്വകാര്യ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഏഴ് തീര്‍ഥാടകര്‍ മരിച്ചു. പരിക്കേറ്റ നിരവധിപ്പേരെ അതീവ ഗുരുതരാവസ്ഥയില്‍ രാംപൂര്‍ഹട്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്
fire


Kolkkatha, 17 ഓഗസ്റ്റ് (H.S.)

പശ്ചിമ ബംഗാളിലെ തീര്‍ഥാടന കേന്ദ്രമായ താരപീഠിലെ സ്വകാര്യ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഏഴ് തീര്‍ഥാടകര്‍ മരിച്ചു. പരിക്കേറ്റ നിരവധിപ്പേരെ അതീവ ഗുരുതരാവസ്ഥയില്‍ രാംപൂര്‍ഹട്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിദിഷിനി ഹോട്ടലിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4:30 നും 5 നും ഇടയില്‍ ദാരുണമായ ഈ ദുരന്തം സംഭവിച്ചത്.

നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള (ഗ്രൗണ്ട് ഫ്‌ലോര്‍) റിസപ്ഷന്‍ ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് പ്രാദേശിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുലര്‍ച്ചയായതിനാലും പ്രദേശം മുഴുവന്‍ കനത്ത മഴയായിരുന്നതിനാലും തീ പടരുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഈ സമയം മുറികളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തീര്‍ഥാടകര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചതുമില്ല. ഹോട്ടലില്‍ ആവശ്യമായ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും മുറികളില്‍ കനത്ത പുക നിറഞ്ഞതും മരണസംഖ്യ ഉയരാന്‍ കാരണമായി. പ്രാഥമിക നിഗമനപ്രകാരം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി കണക്കാക്കുന്നത്.

പവിത്രമായ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയായതിനാല്‍ താരപീഠ് ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഡിയോഘറില്‍ നിന്നും മറ്റും ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇതുകാരണം താരപീഠിലെ ഭൂരിഭാഗം ഹോട്ടലുകളും പൂര്‍ണമായും നിറഞ്ഞ നിലയിലായിരുന്നു. ദുരന്തം നടന്ന ഹോട്ടലിലും സാധാരണയിലും കൂടുതല്‍ പേര്‍ ഉണ്ടായിരുന്നു.

താരപീഠ് പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ വിവരമറിഞ്ഞ് പൊലീസും അഗ്‌നിശമന സേനയും വേഗത്തില്‍ സ്ഥലത്തെത്തി. രാംപൂര്‍ഹട്ടില്‍ നിന്നുള്ള രണ്ട് ഫയര്‍ ടെന്‍ഡറുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ആശുപത്രി അധികൃതര്‍ ആദ്യം അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് പൊലീസ് മരണസംഖ്യ ഏഴായി ഔദ്യോഗികമായി പുതുക്കുകയായിരുന്നു.

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസും അഗ്‌നിശമന സേനയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച വ്രതത്തോടനുബന്ധിച്ച് താരപീഠ് കാളി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

---------------

Hindusthan Samachar / Sreejith S


Latest News