Enter your Email Address to subscribe to our newsletters

New delhi, 17 ഓഗസ്റ്റ് (H.S.)
നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്കാണ് ഇതോടെ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
ജോധ്പൂരില്‍ ദേശീയ നിയമ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ അഭിസംബോധന ചെയ്ത ശേഷം ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്‍സാര്‍ സര്‍വകലാശാലയുടെ ക്ഷണത്തിന് താന്‍ ഒരിക്കലും സമ്മതം നല്‍കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ബിരുദദാന ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നുവെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലയുടെ പാരമ്പര്യത്തിന് അനുസൃതമായി ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കാന്‍ ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നല്‍സാര്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയിലെ 1400ഓളം വരുന്ന വിദ്യാര്‍ഥികളില്‍ 400ലധികം പേര്‍ ഈ നീക്കത്തെ എതിര്‍ത്തതോടെയാണ് ക്ഷണം വിവാദമായത്. ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് നടന്ന വിദ്യാര്‍ഥി മാര്‍ച്ചുമായി ബന്ധപ്പെട്ട ഹര്‍ജികളും പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ എതിര്‍പ്പ്.
അമിതമായ ബലപ്രയോഗം, പെല്ലറ്റ് ഗണ്ണുകളുടെ വിന്യാസം, സ്വകാര്യതാ അവകാശങ്ങള്‍ ലംഘിച്ച് പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന ആരോപണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് നിലവില്‍ ബെഞ്ച് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്തുവന്നത്. രാജ്യത്തെ ഏറ്റവും മികച്ച നിയമ സര്‍വകലാശാലകളില്‍ ഒന്നായ നല്‍സാറിലെ വിദ്യാര്‍ഥികളുടെ ഈ നിലപാട് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
ബാര്‍ കൗണ്‍സിലിന്റെ ഇടപെടലും പിന്മാറ്റവും
വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെട്ടതോടെയാണ് തര്‍ക്കം കൂടുതല്‍ ഗൗരവമുള്ളതായി മാറിയത്. ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെ എതിര്‍ത്ത വിദ്യാര്‍ഥികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിസിഐ ചെയര്‍പേഴ്‌സണ്‍ മനന്‍ കുമാര്‍ മിശ്ര നല്‍സാര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. ചീഫ് ജസ്റ്റിസിനെ എതിര്‍ത്തതായി കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കത്തിലുണ്ടായിരുന്നു.
ഈ നീക്കം ശക്തമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും വിവാദം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസും നിയമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തില്‍ ഇടപെടാന്‍ പ്രൊഫഷണല്‍ റെഗുലേറ്റര്‍ക്ക് എന്താണ് അധികാരമെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു. ഇതോടെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തങ്ങളുടെ കത്ത് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ സുപ്രീം കോടതിയും ഇടപെട്ടിരുന്നു. ചീഫ് ജസ്റ്റിസും നല്‍സാര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന വിഷയത്തില്‍ ഇടപെടാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് യാതൊരു കാര്യവുമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, റെഗുലേറ്ററുടെ ഇടപെടലിനെ ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന രീതിയിലുള്ള ബാര്‍ കൗണ്‍സിലിന്റെ ഭീഷണിക്കെതിരെ നിയമ വിദഗ്ധരും രംഗത്തെത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S