Enter your Email Address to subscribe to our newsletters

New delhi, 17 ഓഗസ്റ്റ് (H.S.)
യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലും വ്യാപകമായ പിഴവുകളിലും പ്രതിഷേധം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പിരിച്ചുവിടണമെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ). ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകള്‍ വീണ്ടും നടത്താന്‍ എന്‍ടിഎ തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥി സംഘടനയുടെ പ്രതിഷേധം.
സോഷ്യോളജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണമെന്ന് ഐസ ആരോപിച്ചു. ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. പരീക്ഷ നടന്ന ആദ്യ ദിവസം മുതല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ കണ്‍മുന്നിലുണ്ടായിട്ടും ഇക്കാര്യം തിരിച്ചറിയാന്‍ സര്‍ക്കാരിന് ഒരു മാസത്തിലധികം സമയമെടുത്തുവെന്ന് ഐസ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയവും എന്‍ടിഎ പോലൊരു ഉത്തരവാദിത്തമില്ലാത്ത ഏജന്‍സിയുമാണ് വിദ്യാര്‍ഥികളുടെ ഭാവിവച്ച് കളിക്കുന്നതെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്‍ടിഎ പിരിച്ചുവിടുക മാത്രമാണ് ഏക പോംവഴിയെന്ന് ഐസ ചൂണ്ടിക്കാട്ടി. പരീക്ഷകള്‍ നടത്താന്‍ ഏജന്‍സിക്ക് കഴിവില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ എന്‍ടിഎ പിരിച്ചുവിടണമെന്ന് രാജ്യത്തെ വിദ്യാര്‍ഥി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേടുകള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി നിയമം 2026 പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐസ ആവശ്യപ്പെട്ടു. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയവരുള്‍പ്പെടെ ക്രമക്കേടില്‍ പങ്കുള്ള മുഴുവന്‍ പേരെയും പുറത്താക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തി വേഗത്തില്‍ ശിക്ഷ ഉറപ്പാക്കണമെന്നും സംഘടന വ്യക്തമാക്കി.
ചോദ്യപ്പേപ്പറില്‍ വ്യാപകമായ തെറ്റുകള്‍ കടന്നുകൂടിയെന്ന പരാതികളെത്തുടര്‍ന്ന് എന്‍ടിഎ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളുടെ പരീക്ഷകള്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചതെന്ന് എന്‍ടിഎ എക്‌സില്‍ കുറിച്ചു. വസ്തുതാപരമായ പിഴവുകള്‍, അക്ഷരത്തെറ്റുകള്‍, വിവര്‍ത്തനത്തിലെ പാളിച്ചകള്‍ എന്നിവയുള്‍പ്പെടെ വലിയ വീഴ്ചകളാണ് സമിതി കണ്ടെത്തിയത്. പ്രമുഖരായ പണ്ഡിതരുടെ പേരുകള്‍ തെറ്റായി നല്‍കിയതും പുസ്തകങ്ങളുടെ പേരുകള്‍ അവ്യക്തമാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ചോദ്യങ്ങളുടെ അടിസ്ഥാന ഘടനയിലുള്ള പിഴവുകളും വ്യാകരണ തെറ്റുകളും സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായി.
ലിംഗഭേദം, വചനം എന്നിവയുമായി ബന്ധപ്പെട്ട വ്യാകരണ തെറ്റുകള്‍, ചിഹ്നങ്ങളിലെ പിഴവുകള്‍ എന്നിവയും ചോദ്യപ്പേപ്പറില്‍ വ്യാപകമായിരുന്നു. അംഗീകരിക്കപ്പെട്ട ആശയങ്ങള്‍ക്ക് പകരം നിലവിലില്ലാത്ത പുതിയ പദങ്ങള്‍ ഉപയോഗിച്ചതും വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കി. ഇതിനുപുറമെ മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച നിരവധി ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചതും പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചതായി സമിതി ചൂണ്ടിക്കാട്ടി. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കായി ജൂണ്‍ 22 മുതല്‍ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി നെറ്റ് പരീക്ഷ നടത്തിയത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ നീതി ഉറപ്പാക്കുന്നതിനും പരീക്ഷയുടെ സുതാര്യത നിലനിര്‍ത്തുന്നതിനുമാണ് പരീക്ഷകള്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ തീരുമാനപ്രകാരം ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളുടെ പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പതിനാണ് നടക്കുക. ഇതില്‍ ഇംഗ്ലീഷ് പരീക്ഷ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള ഒന്നാം ഷിഫ്റ്റിലും കൊമേഴ്‌സ് പരീക്ഷ വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയുള്ള രണ്ടാം ഷിഫ്റ്റിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. സോഷ്യോളജി പരീക്ഷ സെപ്റ്റംബര്‍ 10ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള ഒന്നാം ഷിഫ്റ്റില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ വൈകാതെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് വിവരം.
അതേസമയം അടുത്തിടെ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ച മറ്റ് 84 വിഷയങ്ങളുടെ ഫലപ്രഖ്യാപനം വൈകില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. ഈ വിഷയങ്ങളുടെ ഫലം മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ പ്രസിദ്ധീകരിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷകള്‍ വീണ്ടും നടത്തുന്നത് മറ്റ് വിഷയങ്ങളുടെ ഫലപ്രഖ്യാപന നടപടികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉറപ്പുനല്‍കി. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
---------------
Hindusthan Samachar / Sreejith S