ഓണക്കാലത്ത് ഓപ്പറേഷന് തൂഫാന് ശക്തമാക്കും; ആഭ്യന്തരമന്ത്രി
Thiruvanathapuram, 17 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് ഓണക്കാലത്ത് ലഹരിമരുന്നുകളുടെയും കഞ്ചാവിന്റെയും ഒഴുക്ക് തടയുന്നതിനായി ''ഓപ്പറേഷന്‍ തൂഫാന്‍'' പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി, സ്പിരിറ്റ് കടത്തുകാര്‍ക്കെതിരെ
Ramesh chennithala


Thiruvanathapuram, 17 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് ഓണക്കാലത്ത് ലഹരിമരുന്നുകളുടെയും കഞ്ചാവിന്റെയും ഒഴുക്ക് തടയുന്നതിനായി 'ഓപ്പറേഷന്‍ തൂഫാന്‍' പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി, സ്പിരിറ്റ് കടത്തുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും എക്‌സൈസും പൊലീസും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് ഇതിനായി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓണക്കാലത്ത് കര്‍ശന പരിശോധന നിര്‍ബന്ധമാക്കിയത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുള്‍പ്പെടെ വാഹന പരിശോധന ശക്തമാക്കും. ഓപ്പറേഷന്റെ ഭാഗമായി വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലഹരി മാഫിയയുടെ വേരറുക്കാനായി കേരള സര്‍ക്കാരും പൊലീസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയത്തോടെ എഴുപത്തഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള ജനങ്ങളുടെ പൂര്‍ണ പിന്തുണ എടുത്തുപറയേണ്ടതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഈ പദ്ധതിയില്‍ യാതൊരു രാഷ്ട്രീയവുമില്ല.

ഭാവി തലമുറയെ ലഹരിവിപത്തില്‍ നിന്ന് രക്ഷിക്കുക എന്നത് നമ്മുടെ കടമയാണെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ജൂണ്‍ രണ്ടിന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ അയ്യായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം പൂര്‍ണമായി തടയുക, സ്‌കൂളുകള്‍, കോളജുകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പനയും വിതരണവും ഇല്ലാതാക്കുക, പൊതുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

പൊലീസ് സേനയിലെ എസ്.എച്ച്.ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു. രണ്ടുദിവസത്തിനകം തന്നെ എസ്.ഐമാര്‍ക്ക് ചുമതല നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകും. എസ്.എച്ച്.ഒമാരുടെ നിയമനം നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാ ജില്ലകളിലും ഇത് നിയമാനുസൃതമായി തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലടി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ശവമഞ്ചം ഒരുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരാള്‍ക്കെതിരെ ഇത്തരം പ്രാകൃതമായ സമരം നടത്തുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്ത ആഭാസകരമായ കാര്യമാണ് കാമ്പസില്‍ നടന്നത്. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം അങ്ങേയറ്റം ഗൗരവമുള്ളതായതുകൊണ്ടാണ് ഗവര്‍ണറെയും ഡി.ജി.പിയെയും നേരിട്ട് വിളിച്ച് സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News