Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഓഗസ്റ്റ് (H.S.)
കേരള, കാലടി സർവകലാശാല വിഷയങ്ങളിൽ
അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി പ്രതിനിധി സംഘം. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുമായി കൂടിക്കാഴ്ച നടത്തുകയും രണ്ട് വിഷയങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകുകയും ചെയ്തു.
കേരള സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചാൻസിലറായ ഗവർണറെ ധരിപ്പിച്ചു. LLB വിദ്യാർഥികളുടെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയത്തിൽ എബിവിപി നടത്തിവരുന്ന സമരത്തെ കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും സമയബന്ധിതമായ പുനർമൂല്യ നിർണയം, അതുമായി ബന്ധപ്പെട്ട റീഫണ്ട് നയം എന്നിവ ഉറപ്പാക്കുവാനുള്ള ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിച്ചു. പുനർ മൂല്യനിർണ്ണയത്തിൽ 5% ത്തിലധികം മാർക്ക് വ്യത്യാസമുണ്ടെങ്കിൽ റീഫണ്ട് അനുവദിക്കുന്ന രീതിയിൽ സർവകലാശാല നിയമത്തിൽ മാറ്റം വരുത്താൻ ചാൻസിലറുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു.
കാലടി ആദിശങ്കരാചാര്യ സർവകലാശാലയിൽ പ്രതീകാത്മകമായി വൈസ് ചാൻസർ ഡോ. സിസ്സാ തോമസിന്റെ ശവസംസ്കാര ചടങ്ങ് നടത്തിയ എസ്എഫഐ പ്രവർത്തകരുടെ അപരിഷ്കൃതമായ സമരഭാസത്തിനെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. കൂടാതെ ഇത്തരം സമരഭാസങ്ങൾ, ഒരു സർവകലാശാലകളിലും ഇനി അനുവദിക്കാതിരിക്കാനുള്ള നിർദേശങ്ങളും ചാൻസിലറുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
എബിവിപി സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സംഘടന സെക്രട്ടറി എൻസിടി ശ്രീഹരി, തിരുവനന്തപുരം വിഭാഗ് സംഘടന സെക്രട്ടറി കെ.എം വിഷ്ണു, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ് അഭിനന്ദ് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ചാൻസിലറായ ഗവർണറെ കണ്ടത്.
---------------
Hindusthan Samachar / Sreejith S