പ്രതിരോധ മേഖലയില് സുപ്രധാന കരാറുമായി ഇന്ത്യയും അര്മേനിയയും
New delhi, 18 ഓഗസ്റ്റ് (H.S.) പ്രതിരോധ മേഖലയില്‍ ിന്ത്യും അര്‍മേനിയയും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ഗവേഷണം, വികസനം, നൂതനാശയങ്ങള്‍, സംയുക്ത ഉത്പാദനം എന്നിവ ലക്ഷ്യമാക്കിയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടത്. പ്രതിരോധ മേഖലയിലെ ഉഭയകക്
armaniya


New delhi, 18 ഓഗസ്റ്റ് (H.S.)

പ്രതിരോധ മേഖലയില്‍ ിന്ത്യും അര്‍മേനിയയും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ഗവേഷണം, വികസനം, നൂതനാശയങ്ങള്‍, സംയുക്ത ഉത്പാദനം എന്നിവ ലക്ഷ്യമാക്കിയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടത്. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍.

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയന്‍ ഹൈടെക് വ്യവസായ മന്ത്രി ഡേവിറ്റ് തദേവോസ്യാനും തമ്മില്‍ ഓഗസ്റ്റ് പതിനേഴിന് യെരവാനില്‍ വച്ചാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്ന് പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. പരസ്പര താത്പര്യമുള്ള മേഖലകളില്‍ പ്രതിരോധ വ്യവസായ സഹകരണം വിപുലീകരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ കരാര്‍.

ഇതിന് മുന്നോടിയായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് അര്‍മേനിയന്‍ പ്രതിരോധ മന്ത്രി സുരേന്‍ പാപികിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യ-അര്‍മേനിയ പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താനുമുള്ള സംയുക്ത പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു വ്യക്തമാക്കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അര്‍മേനിയയിലെ ഇന്ത്യന്‍ അംബാസഡര്‍ നീലാക്ഷി സാഹ സിന്‍ഹയും ഈ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

സന്ദര്‍ശനത്തിന്റെ ഭാഗമായി അര്‍മേനിയന്‍ സായുധ സേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ എഡ്വേര്‍ഡ് അസ്രിയാനുമായും രാജേഷ് കുമാര്‍ സിങ് ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ വ്യവസായ സഹകരണത്തിലും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ-അര്‍മേനിയ പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി യെരവാനില്‍ എത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ നീലാക്ഷി സാഹ സിന്‍ഹയും അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രതിരോധ മേഖലകളില്‍ ഇന്ത്യയും അര്‍മേനിയയും തമ്മില്‍ വര്‍ധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ സന്ദര്‍ശനം.

ഈ വര്‍ഷം ആദ്യം അര്‍മേനിയന്‍ സൈനിക പ്രതിനിധി സംഘം ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഏപ്രിലില്‍ നടന്ന ഈ സന്ദര്‍ശനത്തില്‍ അര്‍മേനിയന്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ എഡ്വേര്‍ഡ് അസ്രിയാന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി ഉഭയകക്ഷി പ്രതിരോധ സഹകരണം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനുപുറമെ, ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

അയല്‍രാജ്യമായ അസര്‍ ബൈജാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന അര്‍മേനിയ, ഇന്ത്യന്‍ നിര്‍മിത ആയുധ സംവിധാനങ്ങളുടെ ഏറ്റവും വലിയ വിദേശ ഉപഭോക്താക്കളില്‍ ഒന്നായി ഇതിനകം മാറിയിട്ടുണ്ട്. പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍, ആകാശ് മിസൈലുകള്‍, ശത്രുക്കളുടെ പീരങ്കികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സ്വാതി റഡാറുകള്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവ ഇന്ത്യയില്‍ നിന്ന് അര്‍മേനിയ സ്വന്തമാക്കിയിട്ടുണ്ട്. കേവലം ആയുധങ്ങള്‍ വാങ്ങുന്നതിനപ്പുറം സംയുക്ത ഉത്പാദനത്തിലേക്കും സാങ്കേതികവിദ്യാ കൈമാറ്റത്തിലേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നാണ് പുതിയ ധാരണാപത്രം വ്യക്തമാക്കുന്നത്. പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ക്ക് അര്‍മേനിയയുമായുള്ള ഈ സഹകരണം വലിയ മുതല്‍ക്കൂട്ടാകും.

---------------

Hindusthan Samachar / Sreejith S


Latest News