Enter your Email Address to subscribe to our newsletters

Hyderabad , 19 ഓഗസ്റ്റ് (H.S.)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാം തവണയും നടത്തം പൂർത്തിയാക്കി ചരിത്രമെഴുതി മലയാളിയായ നാസയുടെ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. ആറര മണിക്കൂർ നീണ്ടുനിന്ന ദൗത്യം അനിലിന്റെ കരിയറിലെ രണ്ടാത്തെ ബഹിരാകാശ നടത്തമാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശ യാത്രികയായ സോഫി അഡെനോട്ട് ദൗത്യത്തിൽ പങ്കെടുത്തു.
ഇന്നലെ (ഓഗസ്റ്റ് 18) ഇന്ത്യൻ സമയം വൈകുന്നേരം 6:05നാണ് ബഹിരാകാശ നടത്തം ആരംഭിച്ചത്. ബഹിരാകാശ നിലയത്തിന് പുറത്ത് ഘടിപ്പിച്ചിരിക്കുന്ന പ്രധാന ആശയവിനിമയ ആന്റിന മാറ്റിസ്ഥാപിക്കുന്നതായിരുന്നു ലക്ഷ്യം. ആന്റിന നീക്കം ചെയ്തെങ്കിലും മാറ്റിസ്ഥാപിക്കാൻ ഇരുവർക്കും സമയം ലഭിച്ചില്ല.
ഹ്യൂസ്റ്റണിലെ മിഷൻ കൺട്രോൾ സെൻ്ററിനും ബഹിരാകാശ നിലയത്തിനും ഇടയിൽ ഡാറ്റ കൈമാറുന്നതിനും അതിവേഗ ആശയവിനിമയത്തിനും നാസ ഉപയോഗിക്കുന്ന നിർണായക സംവിധാനമാണിത്. ആറ് മണിക്കൂർ 23 മിനിറ്റ് നീണ്ടുനിന്ന ദൗത്യമായിരുന്നു. ചരിത്രത്തിലെ 97-ാമത് അമേരിക്കൻ ബഹിരാകാശ നടത്തമായി ഇത് അടയാളപ്പെടുത്തി. ബഹിരാകാശ നടത്തം പൂർത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് വനിതയെന്ന നേട്ടവും സോഫി അഡെനോട്ടിനെ തേടിയെത്തി.
ബഹിരാകാശ നടത്തത്തിന്റെ ലക്ഷ്യമെന്ത്?
പരാജയപ്പെട്ട ആന്റിന നീക്കം ചെയ്യുക, പകരം മറ്റൊന്ന് സ്ഥാപിക്കുക എന്നിങ്ങനെ രണ്ട് ജോലികളാണ് ഇരുവരും പദ്ധതിയിട്ടത്. ഹ്യൂസ്റ്റണിലെ മിഷൻ കൺട്രോൾ സെൻ്ററിനും ബഹിരാകാശ നിലയത്തിനും ഇടയിൽ ഡാറ്റ കൈമാറുന്നതിനും അതിവേഗ ആശയവിനിമയത്തിനും നാസ ഉപയോഗിക്കുന്ന നിർണായക സംവിധാനമാണ് സ്പേസ്-ടു-ഗ്രൗണ്ട് ആന്റിന (SGANT). പരാജയപ്പെട്ട ഹൈ-സ്പീഡ് ഡാറ്റ ആൻഡ് കമ്മ്യൂണിക്കേഷൻസ് ആന്റിന മാറ്റിയെങ്കിലും ഓർബിറ്റൽ ഔട്ട്പോസ്റ്റിന്റെ Z1 ട്രസ് സെഗ്മെന്റിൽ സ്പെയർ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കാൻ സമയം ലഭിച്ചില്ല.
ദൗത്യം അൽപ്പം സങ്കീർണതകൾ നിറഞ്ഞതായിരുന്നുവെന്ന് നാസ സമ്മതിച്ചു. ആന്റിനയുടെ ഇറുകിയ പവർ- ഡാറ്റ കണക്ടറുകൾ നീക്കം ചെയ്യുന്നതിലും, ഗിംബൽ അസംബ്ലിയിൽ ലോക്കിംഗ് പിന്നുകൾ സ്ഥാപിക്കുന്നതിലും, ബൂമിൽ നിന്ന് അൺബോൾട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടു. ബൂമിൽ നിന്ന് ആന്റിന നീക്കം ചെയ്യുമ്പോൾ റാറ്റ്ചെറ്റ് റെഞ്ച് ഉപയോഗിച്ച് അധിക പരിശ്രമം എടുക്കേണ്ടിവന്നു. കേടായ ആന്റിന അതിന്റെ സ്ഥിരമായ സംഭരണ സ്ഥലത്തേക്ക് മാറ്റാനോ സ്പെയർ ആന്റിന വീണ്ടെടുത്ത് ഇൻസ്റ്റാൾ ചെയ്യാനോ ബഹിരാകാശയാത്രികർക്ക് മതിയായ സമയം ലഭിച്ചില്ല.
അടുത്ത നടക്കുന്ന ബഹിരാകാശ നടത്തത്തിൽ ഇൻസ്റ്റാളേഷൻ ജോലികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത നടത്തം ഓഗസ്റ്റ് 25ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുന്ന ജോലികൾ അടുത്ത ബഹിരാകാശ നടത്തത്തിൽ നടത്തും.
ആദ്യ നടത്തവും വിജയകരം
2026 ഓഗസ്റ്റ് 6നാണ് അനിൽ മേനോൻ ആദ്യമായി ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. ഒപ്പം ബഹിരാകാശ യാത്രികയായ ജെസീക്ക മേയറും ഉണ്ടായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ ഊർജോത്പാദന ശേഷി വർധിപ്പിക്കുന്നതിനുള്ള സോളാർ പാനൽ നവീകരണമായിരുന്നു പ്രാഥമിക ലക്ഷ്യം. പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ഹാർഡ്വെയർ ഘടിപ്പിക്കാനായി ക്വസ്റ്റ് എയർലോക്ക് ഗേറ്റ്വേ വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. ഓഗസ്റ്റ് 6ന് വൈകിട്ട് 6.03ന് ആരംഭിച്ച ദൗത്യം പിറ്റേ ദിവസം പുലർച്ചെ 12.30ന് പൂർത്തിയാക്കി.
അഭിമാനമായി അനിൽ മേനോൻപാലക്കാട് സ്വദേശിയായ കെ പി ശങ്കരൻ മേനോൻ്റെയും യുക്രെയ്ൻകാരിയായ എലിസബത്ത് സമോയ്ലെങ്കോയുടെയും മകനാണ് എക്സ്പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പോയ 49കാരനായ അനിൽ. 2024 സെപ്റ്റംബറിൽ സ്പേസ് എക്സിൻ്റെ പൊളാരിസ് ഡോൺ ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശ യാത്ര നടത്തിയ അന്ന വിൽഹെം ആണ് ഭാര്യ.
മലയാളി വേരുകളുള്ള അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. യുഎസിലെ മിനിയാപൊളിസിലാണ് അനില് മേനോന് ജനിച്ചത്. എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സ് കേണലുമാണ് അനിൽ മേനോൻ. 2021 ഡിസംബറിലാണ് നാസയിലെ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2022 മുതൽ പരിശീലനനം തേടി. നിലവിൽ യാത്രയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്.
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR