തമിഴ്നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു
Chennai , 19 ഓഗസ്റ്റ് (H.S.) തമിഴ്നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്ന
Vijay


Chennai , 19 ഓഗസ്റ്റ് (H.S.)

തമിഴ്നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും സർക്കാർ പദ്ധതികൾ വിലയിരുത്തുന്നതിനുമായാണ് പുതിയ പ്രഖ്യാപനം. ഇതിനിടെ മുഖ്യമന്ത്രി ജോസഫ് വിജയ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകണമെന്ന് ടി.വി.കെ മന്ത്രി ഡി. ശരത് കുമാർ സഭയിൽ ആവശ്യപ്പെട്ടു.

നിയമസഭയിലെ ചട്ടം 110 പ്രകാരമാണ് എം.എൽ.എമാർക്ക് വാഹനം നൽകുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനപ്രതിനിധികൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ മണ്ഡലങ്ങളിൽ സഞ്ചരിക്കാനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനത്തിന് പുറമെ ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ് എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസായും അനുവദിക്കും.

കാട്ടുമാന്നാർകോവിൽ മണ്ഡലത്തിലെ എം.എൽ.എയായ ജ്യോതിമണി നേരത്തെ സഭയിൽ ഉന്നയിച്ച ആവശ്യമാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ പലരും ഇത്തവണ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തമായി വാഹനമില്ലാത്തതിനാൽ ഇവർക്ക് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ബുദ്ധിമുട്ട് നേരിടുന്നതായി ജ്യോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുന്ന ജനപ്രതിനിധികൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ സഹായം നൽകണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് മുഴുവൻ എം.എൽ.എമാർക്കും സർക്കാർ ചെലവിൽ കാർ നൽകാൻ തീരുമാനിച്ചത്. ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷ എം.എൽ.എമാർക്കും ഈ ആനുകൂല്യം ലഭിക്കുന്നതിനാൽ തീരുമാനത്തിനെതിരെ സഭയിൽ എതിർപ്പുകളൊന്നും ഉയർന്നിട്ടില്ല.

പ്രധാനമന്ത്രിയാകണമെന്ന് ആവശ്യം

നിയമസഭയിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന ആവശ്യം ടി.വി.കെ മന്ത്രി ഡി. ശരത് കുമാർ ഉന്നയിച്ചത്. ഉത്തരേന്ത്യയിലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങൾ ചേർന്ന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന രീതി മാറണമെന്നും, ദക്ഷിണേന്ത്യയിൽ നിന്നൊരാൾ പ്രധാനമന്ത്രി പദത്തിലേക്ക് എത്തണമെന്നും മന്ത്രി ആദവ് അർജുന നേരത്തെ സഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശരത് കുമാർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. രാവും പകലും നോക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് തമിഴ്നാട്ടിലുള്ളതെന്നും, അതിനാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രധാനമന്ത്രിയായി സി. ജോസഫ് വിജയ് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഒരു പ്രാദേശിക പാർട്ടിക്ക് ഒറ്റയ്ക്ക് പ്രധാനമന്ത്രി പദത്തിൽ എത്തുക എളുപ്പമല്ലെന്നും, ദേശീയ തലത്തിൽ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ മാത്രമേ ഇത്തരം ആവശ്യങ്ങൾ പ്രായോഗികമാകൂ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ചുരുങ്ങിയ കാലംകൊണ്ട് തന്നെ തമിഴ്നാടിൻ്റെ ഭരണച്ചക്രം തിരിക്കാൻ സി. ജോസഫ് വിജയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ പാർട്ടി നേതാക്കൾ ആരംഭിച്ചിരിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ദേശീയ തലത്തിലും വലിയ രീതിയിൽ ചർച്ചയാകാനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News