Enter your Email Address to subscribe to our newsletters

Alappuzha , 19 ഓഗസ്റ്റ് (H.S.)
സിനിമകളെപ്പോലും വെല്ലുന്ന ക്രൂരതയുമായി സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ 13-കാരിയായ എട്ടാം ക്ലാസുകാരിയും കൗമാരക്കാരായ കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയിലായ സംഭവത്തില് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. കരുവാറ്റ സ്വദേശി 67കാരൻ കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയവും ഭീതിജനകവുമായ വിവരങ്ങൾ പുറത്തുവരുന്നത്.
കൊലപാതകം നടക്കുമ്പോൾ ക്വട്ടേഷൻ നൽകിയ പെൺകുട്ടി ലൈവ് വീഡിയോ കോളിലൂടെ ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ തത്സമയം കാണുന്നുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന 13 വയസുകാരിയായ പെൺകുട്ടിയാണ് കേസിലെ പ്രധാന സൂത്രധാരി. മുത്തച്ഛനെ വകവരുത്താൻ കാമുകനും കൂട്ടുകാർക്കും ക്വട്ടേഷൻ നൽകിയത് ഈ കുട്ടിയാണ്.
കൊല്ലം പരവൂർ സ്വദേശിയായ ഈ പതിനേഴുകാരനാണ് പെൺകുട്ടിയുടെ നിർദേശപ്രകാരം ക്വട്ടേഷൻ നടപ്പിലാക്കാൻ നേതൃത്വം നൽകിയത്. കാമുകൻ്റെ രണ്ട് സുഹൃത്തുക്കൾ, കൊല്ലം പരവൂർ സ്വദേശികൾ തന്നെയായ മറ്റ് രണ്ട് കൗമാരക്കാർ. ഇതിൽ പിടിയിലായ മൂന്ന് ആൺകുട്ടികളും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് (ഒരാൾ പ്ലസ് വണ്ണിൽ വെച്ച് പഠനം നിർത്തിയതാണ്). പിടിയിലായ നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കൊല്ലം പരവൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തിയ സ്വർണ മോതിരം കൊല്ലത്തെ ഒരു ജ്വല്ലറിയിൽ 16,000 രൂപയ്ക്ക് വിൽക്കാൻ ഇവരെ സഹായിച്ച മറ്റൊരാളെ പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും, അയാൾക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രചോദനം 'സ്പൈഡർ' സിനിമ; മുളകുപൊടി വിതറി തെളിവ് നശിപ്പിക്കൽ!
തമിഴ് ചലച്ചിത്രമായ 'സ്പൈഡർ' ഉൾപ്പെടെയുള്ള സിനിമകളിൽ നിന്നാണ് പ്രതികൾ കൊലപാതകത്തിനുള്ള വഴികളും തെളിവ് നശിപ്പിക്കാനുള്ള തന്ത്രങ്ങളും പഠിച്ചതെന്ന് ആലപ്പുഴ എസ്.പി ടി.കെ. വിഷ്ണുപ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊല്ലം പരവൂരിൽ നിന്നുള്ള മൂന്ന് കൗമാരക്കാർ കരുവാറ്റയിലെ വീട്ടിലെത്തിയത്. ശുചിമുറിയുടെ വെൻ്റിലേറ്റർ വഴി അകത്തുകയറിയ പ്രതികൾ ശബ്ദം കേട്ടുണർന്ന ശിവൻകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഡോഗ് സ്ക്വാഡിൻ്റെയും പൊലീസിൻ്റെയും ശ്രദ്ധ തിരിക്കാൻ കൊലപാതകത്തിന് ശേഷം വീടാകെ മുളകുപൊടി വിതറി. കൂടാതെ ശൗചാലയത്തിലും പരിസരത്തും ദ്രവരൂപത്തിലുള്ള ചില രാസവസ്തുക്കളും ഇവർ തളിച്ചിരുന്നു.
ലക്ഷ്യം ഐഫോണും പുതിയ ബൈക്കും!
വീട്ടിലെ സ്വർണവും പണവും അപഹരിക്കാൻ വേണ്ടി ഏറെ നാളായി ഇവർ ഈ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. മോഷണം നടത്തുന്ന സ്വർണം വിറ്റ് പെൺകുട്ടിക്ക് പുതിയ ഐഫോണും കാമുകനായ കൗമാരക്കാരന് പുതിയ ബൈക്കും വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് കഴിഞ്ഞ ദവിസം തന്നെ വ്യക്തമാക്കിയിരുന്നു. വീട്ടിൽ നിന്ന് കവർന്ന ഒരു സ്വർണമോതിരം 16,000 രൂപയ്ക്ക് കൊല്ലത്തെ ഒരു കടയിൽ വിറ്റിരുന്നു. കവർച്ച ചെയ്ത മുഴുവൻ സ്വർണവും പൊലീസ് പിന്നീട് വീണ്ടെടുത്തു.
പൊലീസിൻ്റെ പ്രതികരണവും അന്വേഷണവും
കേസിൻ്റെ ഭീകരത കണക്കിലെടുത്ത് പ്രതികളായ മൂന്ന് കൗമാരക്കാരെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആദ്യത്തെ ചോദ്യം ചെയ്യലിൽ വളരെ സ്വാഭാവികമായാണ് പെൺകുട്ടി പ്രതികരിച്ചത്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ ഫോണിലെ വാട്സാപ്പ് ചാറ്റുകളോ ലൊക്കേഷൻ വിവരങ്ങളോ മായ്ക്കാൻ കുട്ടി ശ്രമിച്ചതുമില്ല. സൈബർ തെളിവുകൾ നിരത്തി പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്. വയോധികൻ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കും, -ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പ്രതികരിച്ചു. മകളുടെ പ്രസവാവശ്യത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും മകളും ആശുപത്രിയിലായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്. കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ മറ്റ് സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR