Enter your Email Address to subscribe to our newsletters

Kottayam , 19 ഓഗസ്റ്റ് (H.S.)
ജില്ലയിലെ പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നായ പാലാ നഗരസഭയിൽ യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ച് വൻ അട്ടിമറി. നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സംയുക്ത സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന വാശിയേറിയ വോട്ടെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയത്. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിക്കുന്നതാണ് ഈ അട്ടിമറി വിജയം.
വോട്ടിംഗ് നില ഇങ്ങനെ..
മായാ രാഹുൽ (വിമതൻ + എൽ.ഡി.എഫ്): 16 വോട്ടുകൾറിയാ ചീരാംകുഴി (യു.ഡി.എഫ്): 10 വോട്ടുകൾ26 അംഗങ്ങളുള്ള പാലാ നഗരസഭാ കൗൺസിലിൽ നടന്ന ശക്തമായ മത്സരത്തിൽ 16 വോട്ടുകൾ നേടിയാണ് മായാ രാഹുൽ വിജയം ഉറപ്പിച്ചത്. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഇടതുമുന്നണിയിലെ 12 അംഗങ്ങളും മായ ഉൾപ്പെടെയുള്ള 4 കോൺഗ്രസ് വിമത അംഗങ്ങളും ചേർന്നാണ് മായാ രാഹുലിന് അനുകൂലമായി വോട്ട് ചെയ്തത്. മുൻപ് വിമതർക്കൊപ്പം നിന്നിരുന്ന ലിസിക്കുട്ടി മാത്യു അവസാന നിമിഷം ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് മടങ്ങിപ്പോകുകയും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിൻ്റെ വരണാധികാരിയായി നടപടിക്രമങ്ങൾ നിയന്ത്രിച്ചത്.
പുതിയ സമവാക്യം; മുന്നണികൾക്ക് തിരിച്ചടി
ഇടതുമുന്നണിയും യു.ഡി.എഫും തമ്മിൽ കടുത്ത മത്സരം നിലനിന്നിരുന്ന പാലായിൽ, എൽ.ഡി.എഫിൻ്റെ പിന്തുണയോടെ ഒരു വിമത സ്ഥാനാർത്ഥി അധ്യക്ഷ പദവിയിലെത്തിയത് യു.ഡി.എഫ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. വരും ദിവസങ്ങളിൽ നഗരസഭയിലെ വികസന പ്രവർത്തനങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും ഈ സഖ്യം വലിയ സ്വാധീനം ചെലുത്തും.
വിജയത്തിന് പിന്നാലെ നഗരസഭാ കൗൺസിലർമാർക്കും തനിക്ക് വോട്ട് നൽകി പിന്തുണച്ച എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മായാ രാഹുൽ നന്ദി അറിയിച്ചു. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോയി പാലായുടെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. താൻ മാനസികമായി ഇപ്പോഴും ഒരു കോൺഗ്രസുകാരിയാണെന്നും, എന്നാൽ പാലാ നഗരസഭയിൽ സുസ്ഥിരമായ ഒരു ഭരണവും വികസനവും കാഴ്ചവയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം അവര് വ്യക്തമാക്കി. ആരോടും പ്രതികാര രാഷ്ട്രീയത്തിനില്ലെന്നും നഗര വികസനത്തിനാണ് മുൻഗണനയെന്നും അവർ വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) ഉൾപ്പെടുന്ന എൽ.ഡി.എഫ് നേതൃത്വത്തിൻ്റെ പൂർണ പിന്തുണയോടെയാണ് ഇനി നഗരസഭ മുന്നോട്ട് പോവുക. നിലവിൽ നഗരസഭയിലെ 19-ാം വാർഡിനെയാണ് മായ പ്രതിനിധീകരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR