Enter your Email Address to subscribe to our newsletters

Chennai, 19 ഓഗസ്റ്റ് (H.S.)
സി.പി.ഐ, സി.പി.എം പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും തലയെണ്ണി വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ ഉത്തരവിട്ട തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍. ഡിണ്ടിഗല്‍ ജില്ലയിലെ ഗുജിലിയാംപാറ തഹസില്‍ദാര്‍ എം. അയ്യസാമിയെയാണ് തമിഴ്നാട് സര്‍ക്കാര്‍ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തന്റെ കീഴിലുള്ള വില്ലേജ് അസിസ്റ്റന്റുമാര്‍ക്കും റെവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍ നല്‍കിയ രഹസ്യ നിര്‍ദ്ദേശം പുറത്തായതോടെയാണ് സംഭവം വിവാദമായത്.
തങ്ങളുടെ പരിധിയിലുള്ള സി.പി.ഐ, സി.പി.എം പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ ആരൊക്കെയാണ്, അവരുടെ പ്രവര്‍ത്തകര്‍ എത്രപേരുണ്ട് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തഹസില്‍ദാറുടെ വിവാദ ഉത്തരവ്. ഭരണ മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ നിരീക്ഷിക്കാന്‍ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ സ്വന്തം നിലയ്ക്ക് ഉത്തരവിട്ടത് ചെന്നൈയിലെ ഭരണസിരാകേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി അയ്യസാമിയെ സസ്പെന്‍ഡ് ചെയ്യുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ചെന്നൈയിലെ റവന്യൂ അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
'ഗുജിലിയാംപാറ താലൂക്കിന് കീഴിലുള്ള ഗ്രാമങ്ങളിലെ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട വ്യക്തികളുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ മുഖേന താലൂക്ക് ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം' ഗുജിലിയാംപാറ താലൂക്ക് ഓഫീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, താലൂക്ക് ഓഫീസര്‍ അയ്യസാമിക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് വമ്പിച്ച പ്രതിഷേധ റാലിയും പ്രകടനവും നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചു. അതേസമയം, താലൂക്ക് ഓഫീസറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്ന് ദിണ്ടിഗല്‍ ജില്ലാ കലക്ടര്‍ ദുര്‍ഗ്ഗമൂര്‍ത്തി പ്രഖ്യാപിച്ചു.
എന്ത് സാഹചര്യത്തിലാണ് തഹസില്‍ദാര്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം പ്രതികരിച്ചു. അയാള്‍ എന്തിനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തായാലും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ ഔദ്യോഗിക അന്വേഷണത്തിന് ശേഷം മാത്രമേ പുറത്തുവരൂ എന്നും ഷണ്‍മുഖം പറഞ്ഞു.ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ എന്തിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുതിര്‍ന്നത് എന്നതിനെക്കുറിച്ച് തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S