രാമക്ഷേത്ര പ്രസാദം എന്നപേരില് മധുരപലഹാരം വിറ്റു; ആമസോണിന് പിഴയിട്ട് സെന്ട്രല് കണ്സ്യൂമര് പ്രൊട്ടക്ഷന് അതോറിറ്റി
Chennai, 19 ഓഗസ്റ്റ് (H.S.) ആമസോണിന് ഒരു ലക്ഷം രൂപ പിഴയിട്ട് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി. ലഡുവും പേഡയും ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്നപേരില്‍ വില്‍പനനടത്താന്‍ അനുവദിച്ചതിനാണ് നടപടി. ഉ
Amazon


Chennai, 19 ഓഗസ്റ്റ് (H.S.)

ആമസോണിന് ഒരു ലക്ഷം രൂപ പിഴയിട്ട് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി. ലഡുവും പേഡയും ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്നപേരില്‍ വില്‍പനനടത്താന്‍ അനുവദിച്ചതിനാണ് നടപടി. ഉപഭോക്താക്കളെ വഞ്ചിച്ചതിന് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരുലക്ഷം രൂപ പിഴ അടയ്ക്കണം. അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങള്‍ പ്രസാദമെന്നപേരില്‍ വില്‍പന നടത്തിയതെന്ന് കണ്ടെത്തിയാണ് നടപടി.

സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ചീഫ് കമ്മിഷണര്‍ നിധി ഖരെയും കമ്മിഷണര്‍ അനുപം മിശ്രയുമാണ് ഓഗസ്റ്റ് നാലിന് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ 15 ദിവസത്തിനകം അടയ്ക്കാനാണ് നിര്‍ദേശം. 2024 ജനുവരിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

'ബിഹാര്‍ ബ്രദേഴ്സ്' എന്ന ബ്രാന്‍ഡില്‍ ചന്ദു ട്രേഡിങ് കമ്പനി വില്‍പ്പന നടത്തിയിരുന്ന മൂന്ന് തരത്തിലുള്ള ലഡു, പശുവിന്‍ പാലില്‍നിന്നുള്ള പേഡ എന്നിവയ്ക്ക് എതിരേയായിരുന്നു പരാതി. ഉത്പന്നങ്ങളുടെ പരസ്യത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിച്ചവയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ചേരുവകളുടെ ഭാഗത്ത് 'രാമക്ഷേത്ര പ്രസാദ്' എന്നും രേഖപ്പെടുത്തിയിരുന്നു.

'ശ്രീ രാംമന്ദിര്‍ അയോധ്യ പ്രസാദ്' എന്ന പേര് നല്‍കിയതിലൂടെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദൈവത്തിന് സമര്‍പ്പിച്ച് പൂജിച്ച പ്രസാദമെന്ന നിലയിലാണ് ഭക്തര്‍ മനസ്സിലാക്കുകയെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ പേര് ഉപയോഗിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര രീതിയാണെന്നും കോടിക്കണക്കിന് ഉപഭോക്താക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.

ആമസോണ്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണെന്നും മൂന്നാംകക്ഷി വില്‍പ്പനക്കാരുടെ ഉല്‍പ്പന്നങ്ങളുടെ ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള 'സേഫ് ഹാര്‍ബര്‍' പരിരക്ഷയും ആമസോണ്‍ ഉന്നയിച്ചു. എന്നാല്‍, ഈ വാദം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി തള്ളി.

ഉത്പന്നങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും വില്‍പനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ പ്രസിദ്ധീകരണത്തില്‍ ആമസോണും പങ്കാളിയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആമസോണിന് ഇടനിലക്കാരന്‍ എന്ന പദവി മാത്രം ചൂണ്ടിക്കാട്ടാനാകില്ലെന്നും സിസിപിഎ പറഞ്ഞു. നാല് ലിസ്റ്റിങ്ങുകളിലൂടെ ആകെ 39,802 രൂപയുടെ വില്‍പ്പന നടന്നതായും അതില്‍നിന്ന് ആമസോണിന് 15,165 രൂപ സര്‍വീസ് ഫീസായി ലഭിച്ചതായും കമ്പനി അറിയിച്ചു.

മതപരമായ വഴിപാടുകളെന്നും പ്രസാദമെന്നും അവകാശപ്പെടുന്ന ഉല്‍പന്നങ്ങള്‍ ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ അനുമതിയില്ലാതെ ലിസ്റ്റ് ചെയ്യരുതെന്നും ആമസോണിന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. രാമജന്മഭൂമി ക്ഷേത്രം, തിരുമല തിരുപ്പതി ദേവസ്ഥാനം, മാതാ വൈഷ്ണോ ദേവി ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം ഉള്‍പ്പെടെ 10 മതസ്ഥാപനങ്ങളുടെ പേരിലുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

---------------

Hindusthan Samachar / Sreejith S


Latest News