മാവോയിസ്റ്റ് നേതാവ് ആസാദ് ജയില് മോചിതനായി; എല്ലാ കേസുകളിലും കുറ്റവിമുക്തനായി
Bhuvaneshwar, 19 ഓഗസ്റ്റ് (H.S.) മാവോയിസ്റ്റ് നേതാവ് ദുന്ന കേശവ റാവു എന്ന ആസാദിനെ കോടതി വെറുതെവിട്ടു. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും നാല് അനുയായികളെയും വധിച്ച കേസിലെ മുഖ്യപ്രതിയാണ് കേശവ റാവു. തെളിവുകളുടെ അഭാവത്തിലാണ് 53കാരനായ ആ
asad


Bhuvaneshwar, 19 ഓഗസ്റ്റ് (H.S.)

മാവോയിസ്റ്റ് നേതാവ് ദുന്ന കേശവ റാവു എന്ന ആസാദിനെ കോടതി വെറുതെവിട്ടു. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും നാല് അനുയായികളെയും വധിച്ച കേസിലെ മുഖ്യപ്രതിയാണ് കേശവ റാവു. തെളിവുകളുടെ അഭാവത്തിലാണ് 53കാരനായ ആസാദിനെ ഒഡീഷയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്. ഇതോടെ ജാര്‍പഡ സ്‌പെഷ്യല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ജയില്‍ മോചിതനായി.

2008 ഓഗസ്റ്റ് 23നാണ് കാണ്ഡമാല്‍ ജില്ലയിലെ തുമുഡിബന്ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജലേസ്‌പേട്ട ആശ്രമത്തില്‍ വച്ച് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും ഒരു സ്ത്രീയുള്‍പ്പെടെ നാല് അനുയായികളും കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ 20 അംഗ സംഘം ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ കൊലപാതകത്തെ തുടര്‍ന്ന് കാണ്ഡമാലിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വലിയ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ ആശ്രമത്തില്‍ നിന്ന് കടന്നുകളഞ്ഞു.

ബന്‍സാധാര ഡിവിഷനിലെ മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കുന്ന ഒഡിയ ഭാഷയിലുള്ള ഒരു കത്ത് ഇവര്‍ ഉപേക്ഷിച്ചിരുന്നു. ഇംഗ്ലീഷില്‍ ആസാദ് എന്ന് ഒപ്പിട്ട കത്ത് ഒരു പത്രക്കുറിപ്പിന്റെ രൂപത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആശ്രമത്തിലെ അന്തേവാസിയായ ബ്രഹ്‌മചാരി മദബ് ചൈതന്യ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനൊടുവില്‍ ആസാദിനെ പ്രതി ചേര്‍ക്കുകയും കഴിഞ്ഞ വര്‍ഷം ജൂലൈ 17ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

ഗജപതി ജില്ലയിലെ പര്‍ലഖേമുണ്ടി പ്രത്യേക കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സത്യനാരായണ പാത്രയാണ് ആസാദിനെ വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടത്. സംഭവത്തില്‍ കേശവ റാവു പങ്കെടുത്തോ എന്ന കാര്യത്തില്‍ ന്യായമായ സംശയങ്ങളുണ്ടെന്ന് 40 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് തന്നെയാണ് ഈ സംശയം ഉടലെടുക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ട് നിഗമനങ്ങളില്‍ എത്താന്‍ കഴിയുമെങ്കില്‍ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കേണ്ടത്. കുറ്റകൃത്യം ക്രൂരമാണെന്ന കാരണത്താല്‍ മാത്രം സംശയത്തെ തെളിവായി മാറ്റാന്‍ കോടതിക്ക് കഴിയില്ലെന്നും വിധിയില്‍ പറയുന്നു. പൊലീസും ദൃക്‌സാക്ഷികളും ഉള്‍പ്പെടെ 22 സാക്ഷികളെ കോടതി വിസ്തരിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രസാദ് റാവു അറിയിച്ചു.

ഒഡീഷയില്‍ ആസാദിനെതിരെ രജിസ്റ്റര്‍ ചെയ്ത 47 കേസുകളിലും ഇതോടെ അദ്ദേഹം കുറ്റവിമുക്തനായതായി അഭിഭാഷകന്‍ സ്വരൂപ് കുമാര്‍ പാല്‍ പറഞ്ഞു. 2025ല്‍ ഒഡീഷ, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ ആസാദിനെതിരെയുള്ള 48 കേസുകള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഇതില്‍ 36 കേസുകളിലാണ് പര്‍ലഖേമുണ്ടി പ്രത്യേക കോടതി ഇപ്പോള്‍ ആസാദിനെ വെറുതെവിട്ടത്. നേരത്തെ 11 കേസുകളില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. വിഎച്ച്പി നേതാവിനെ വധിച്ചതിന് പുറമെ 2008ല്‍ 13 പൊലീസുകാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ട നയാഗഡ് പൊലീസ് ആയുധപ്പുര ആക്രമണം, 2006ലെ ആര്‍ ഉദയഗിരി ജയില്‍ ആക്രമണം എന്നീ കേസുകളിലും ആസാദ് പ്രതിയായിരുന്നു. തുമുഡിബന്ദ പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ മറ്റൊരു കൊലപാതക കേസും നിലവിലുണ്ടായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News