സവര്ക്കറെക്കുറിച്ച് ചോദ്യം തയാറാക്കിയ അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേ
Kochi, 19 ഓഗസ്റ്റ് (H.S.) ക്വിസ് മത്സരത്തില്‍ വി.ഡി.സവര്‍ക്കറെ കുറിച്ചുള്ള ചോദ്യമുള്‍പ്പെടുത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയെ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം, അച്ചടക്ക നടപടികളുമാ
kerala high court


Kochi, 19 ഓഗസ്റ്റ് (H.S.)

ക്വിസ് മത്സരത്തില്‍ വി.ഡി.സവര്‍ക്കറെ കുറിച്ചുള്ള ചോദ്യമുള്‍പ്പെടുത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയെ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം, അച്ചടക്ക നടപടികളുമായി വിദ്യാഭ്യാസ വകുപ്പിനു മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. വി.ഡി.സവര്‍ക്കറെ കുറിച്ചുള്ള ചോദ്യമുള്‍പ്പെടുത്തിയതിനാണ് കാസര്‍കോട് പള്ളത്തടുക്ക എ.യു.പി സ്‌കൂളിലെ യു.പി.എസ്.ടി അധ്യാപകന്‍ ഗുരുപ്രസാദ് റായിയെ സസ്‌പെന്‍ഡ് ചെയ്തത്.

കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളില്‍ നടന്ന 'സോഷ്യല്‍ സയന്‍സ് ക്ലബ് ഫ്രീഡം ക്വിസ് 2026' മത്സരത്തിലെ ഒരു ചോദ്യവും ഉത്തരവുമാണ് കേസിന് അടിസ്ഥാനം. 'ബ്രിട്ടിഷുകാരില്‍നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര്?' എന്ന ചോദ്യത്തിന് വി.ഡി.സവര്‍ക്കര്‍ എന്നായിരുന്നു ഉത്തരസൂചികയില്‍ നല്‍കിയിരുന്നത്. സവര്‍ക്കറേക്കാള്‍ ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികള്‍ രാജ്യത്തുണ്ടെന്നും അംഗീകൃത സിലബസിനോ ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കോ നിരക്കാത്ത ചോദ്യവും ഉത്തരവുമാണ് ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് അച്ചടക്ക നടപടികളുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പര്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് എജ്യുക്കേഷനല്‍ ഓഫിസര്‍ക്ക് (എ.ഇ.ഒ) ഓഗസ്റ്റ് ഒന്നിന് തന്നെ ഇമെയില്‍ വഴി അയച്ചു കൊടുത്തിരുന്നുവെന്നും എഇഒയുടെ സമ്മതത്തോടും അംഗീകാരത്തോടും കൂടിയാണ് ചോദ്യപേപ്പര്‍ ഉപയോഗിച്ചതെന്നും ഹര്‍ജിക്കാരനായ ഗുരുപ്രസാദ് റായ് വാദിച്ചു. ചോദ്യപേപ്പര്‍ പരിശോധിച്ച് അംഗീകാരം നല്‍കിയ ഉന്നതരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം വാദിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് സസ്പെന്‍ഷന് ഒരു മാസത്തെ സ്റ്റേ അനുവദിക്കുകയും എന്നാല്‍ അച്ചടക്ക നടപടികളുമായി അധികൃതര്‍ക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News