സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രശസ്ത റാപ്പർ വേടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
Ernakulam , 20 ഓഗസ്റ്റ് (H.S.) സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് വി.എം) സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തൻ്റെ പേ
VEDAN DEFAMATION CASE


Ernakulam , 20 ഓഗസ്റ്റ് (H.S.)

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് വി.എം) സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തൻ്റെ പേരിൽ കെട്ടിച്ചമച്ച കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ മതസ്പർധയും സാമുദായിക സംഘർഷവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ പറയാത്ത കാര്യങ്ങളും ചെയ്യാത്ത പ്രവൃത്തികളും തൻ്റെ പേരിൽ വ്യാജമായി നിർമിച്ച് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് വേടൻ വ്യക്തമാക്കി. വിപിൻ വിജയൻ, അശോക് പെരുമേത്ത്, പി.എസ്.എം മജീദ് തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും മറ്റ് ചില പ്രൊഫൈലുകൾ വഴിയുമാണ് പ്രധാനമായും വ്യാജ പോസ്റ്റുകൾ പങ്കുവയ്ക്കപ്പെടുന്നത്. വസ്തുതാവിരുദ്ധമായ ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുന്നുണ്ട്.

മതസ്പർധ വളർത്താൻ ശ്രമം

വ്യക്തിപരമായ മാന്യതയെയും സാമൂഹിക പ്രതിച്ഛായയെയും തകർക്കുക എന്നതിലുപരി, സമൂഹത്തിൽ വലിയ തോതിൽ വിഭാഗീയത വളർത്താൻ പോന്നതാണ് ഈ പ്രചാരണങ്ങളെന്ന് പരാതിയിൽ പറയുന്നു. ജനങ്ങൾക്കിടയിൽ മതസ്പർധയും സാമുദായിക സംഘർഷവും വർധിപ്പിക്കുന്ന തരത്തിലാണ് ഇത്തരം നിർമിത വാർത്തകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി സംഗീതത്തിലൂടെ നിരന്തരം സംസാരിക്കുന്ന ഒരു കലാകാരനെന്ന നിലയിൽ, തൻ്റെ ആശയങ്ങളെ ഭയക്കുന്നവരാണ് ഇത്തരം സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന കലാകാരന്മാരെ നിശ്ശബ്ദരാക്കാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ അരങ്ങേറുന്നത് - പരാതിയിൽ പറയുന്നു

ഡിജിറ്റൽ തെളിവുകൾ കൈമാറി

വ്യാജവാർത്തകൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജുകളുടെയും വ്യക്തികളുടെയും സ്ക്രീൻഷോട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരാതിയോടൊപ്പം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അപകീർത്തികരമായ ഈ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉടനടി നീക്കം ചെയ്യാനും ഇവ വീണ്ടും പ്രചരിക്കുന്നത് തടയാനും അടിയന്തര നിയമനടപടികൾ സ്വീകരിക്കണം. തൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും സമൂഹത്തിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്ത കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് വേടൻ്റെ പ്രധാന ആവശ്യം.

സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യകൾക്കും നിർമിത വ്യാജവാർത്തകൾക്കുമെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് വേടൻ തുടക്കമിട്ടിരിക്കുന്നത്. കലാകാരന്മാരുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും സമൂഹത്തിൽ ഭിന്നത വിതയ്ക്കാനും നടത്തുന്ന ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് വ്യാജപ്രചാരകർക്ക് വലിയൊരു മുന്നറിയിപ്പായി മാറും. ഐടി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പര്യാപ്തമായ തെളിവുകളാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. വരും ദിവസങ്ങളിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News