Enter your Email Address to subscribe to our newsletters

New delhi, 20 ഓഗസ്റ്റ് (H.S.)
മുതിര്‍ന്ന കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാര് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ 1984 നവംബര്‍ 1, 2 തീയതികളില്‍ ഡല്‍ഹിയിലെ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തുകയും 2018 ഡിസംബര്‍ 17-ന് അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ ശിക്ഷാവിധിക്കെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ, 1984-ലെ കലാപകാലത്ത് ഡല്‍ഹിയിലെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ടു എന്നാരോപിക്കുന്ന രണ്ട് വെവ്വേറെ കേസുകളില്‍ ഈ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. രാജ്യത്തെ ഏറെ ഉലച്ച സിഖ് വിരുദ്ധ കലാപക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രമുഖരായ രാഷ്ട്രീയ നേതാക്കളിലൊരാളായ സജ്ജന്‍ കുമാറിന്റെ മരണം തിഹാര്‍ ജയില്‍ അധികൃതരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
1945 സെപ്റ്റംബര്‍ 23-ന് രഘുനാഥ് സിങ്ങിന്റെയും മീ കൗറിന്റെയും മകനായി ജനിച്ച സജ്ജന്‍ കുമാര്‍, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഒരു ബേക്കറി ഉടമയായിരുന്നു. 1977-ല്‍ ഡല്‍ഹി കൗണ്‍സിലറായി പ്രവേശിച്ച് പൊതുരംഗത്ത് സജീവമായ അദ്ദേഹം പിന്നീട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗമായും ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായി എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അദ്ദേഹം സ്വാധീനം ഉറപ്പിച്ചത്.
1980-ല്‍ ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയ അദ്ദേഹം 1991-ലും 2004-ലും ഇതേ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ലമെന്റിലെത്തി. എന്നാല്‍, 1984 ഒക്ടോബര്‍ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തിലെ പങ്കാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചത്.
കലാപകാരികളെ അക്രമത്തിന് പ്രേരിപ്പിച്ചു, മദ്യവും പണവും നല്‍കി പ്രകോപനം സൃഷ്ടിച്ചു, ജനക്കൂട്ടത്തെ ഉപയോഗിച്ച് സിഖ് വംശജരെ ആക്രമിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് സജ്ജന്‍ കുമാറിനെതിരെ ഉയര്‍ന്നത്. കേസിന്റെ തുടക്കത്തില്‍ പോലീസുമായി ചേര്‍ന്ന് സാക്ഷിമൊഴികളില്‍ നിന്ന് സ്വന്തം പേര് ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തിയതായി പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ. കണ്ടെത്തുകയായിരുന്നു.
2010-ല്‍ കൊലപാതകം, ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വിചാരണ നടപടികള്‍ ആരംഭിച്ചു. 2013-ല്‍ വിചാരണക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും സി.ബി.ഐ. നല്‍കിയ അപ്പീലില്‍ 2018 ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആശ്വാസമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് 2025 ഫെബ്രുവരിയില്‍, കലാപത്തിനിടെ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും വിചാരണക്കോടതി ഇദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ച് ഉത്തരവായി. 14 സാക്ഷികളുടെ മൊഴികളാണ് ഈ കേസില്‍ നിര്‍ണായകമായത്. ഇത്തരത്തില്‍ കലാപ കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
---------------
Hindusthan Samachar / Sreejith S