Enter your Email Address to subscribe to our newsletters

New delhi, 20 ഓഗസ്റ്റ് (H.S.)
ന്യൂഡല്‍ഹി: താന്‍ നേരിട്ട ജാതി അധിക്ഷേപത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹല്‍ദ്വാനിയില്‍ ഖാര്‍ഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുതിര്‍ന്ന നേതാവ് തന്നെ വികാരാധീനനായി പാര്‍ട്ടിക്കെതിരെ സംസാരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവരുടെയും പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി) യോഗത്തിലാണ് ഖാര്‍ഗെ ഇക്കാര്യം പറഞ്ഞ് വികാരധീനനായത്.
പാര്‍ട്ടിയില്‍നിന്ന് ആവശ്യത്തിന് പിന്തുണ ലഭിക്കാത്തത് തന്നെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ഒരു ചടങ്ങ് നടന്ന വേദി പിന്നീട് ശുദ്ധീകരിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.സംഭവം പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും തുടര്‍ന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഇതിനെ തള്ളിപ്പറയുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളും തനിക്കൊപ്പം നിന്നില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു.
മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിലെ ചില 'സുമുഖരായ' നേതാക്കള്‍ ഈ സംഭവത്തെ തള്ളിപ്പറയുവാന്‍ തയ്യാറായില്ലെന്ന് ഖാര്‍ഗെ യോഗത്തില്‍ ആരോപിച്ചു. എല്ലാ വിഷയങ്ങളിലും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് അനുസരിച്ചല്ല ചില നേതാക്കള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ സംസാരിക്കുമ്പോള്‍ ഖാര്‍ഗെ അതീവ അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്ന് ചില പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, ഖാര്‍ഗെയുടെ വേദന പങ്കുവെക്കലിന് പിന്നാലെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വിഷയത്തില്‍ ഇടപെട്ടു.
ഹല്‍ദ്വാനിയിലെ സംഭവത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി അപലപിച്ചിട്ടുണ്ടെന്നും വിഷയം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ യോഗത്തില്‍ വിശദീകരിച്ചു. അതേസമയം, പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന വേദിയായ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖാര്‍ഗെ തന്റെ മനോവേദന പരസ്യമാക്കിയത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നതകളാണ് വ്യക്തമാക്കുന്നത്.
ബിജെപി നേതാക്കള്‍ പോലും തള്ളിപ്പറയുകയും മാപ്പ് പറയുകയും ചെയ്ത വിഷയത്തിലാണ് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ മൗനം പാലിച്ചത്. ഇതിലെ വലിയ അസ്വസ്ഥതയാണ് ഖാര്‍ഗെയെ പോലൊരു നേതാവിന്റെ തുറന്ന് പറച്ചിലിലൂടെ പുറത്തു വന്നത്. ഇത് വരും ദിവസങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരമമായേക്കം.
---------------
Hindusthan Samachar / Sreejith S