ഗുജറാത്തില് മദ്യദുരന്തം; നാലുപേര്ക്ക് ജീവന് നഷ്ടമായി; മരണസംഖ്യ ഉയരാന് സാധ്യത
Ahmedabad, 20 ഓഗസ്റ്റ് (H.S.) ഗുജറാത്തില്‍ വീണ്ടും വ്യാജമദ്യ ദുരന്തം. ഭാവ്നഗര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഭാവ്നഗര്‍ നഗരത്തി
Deadbody


Ahmedabad, 20 ഓഗസ്റ്റ് (H.S.)

ഗുജറാത്തില്‍ വീണ്ടും വ്യാജമദ്യ ദുരന്തം. ഭാവ്നഗര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഭാവ്നഗര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഖരക്ഡി എന്ന ചെറിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഏകദേശം 1500 പേര്‍ മാത്രം താമസിക്കുന്ന ഗ്രാമമാണിത്. കഴിഞ്ഞ ദിവസം ഗ്രാമത്തിന് സമീപമുള്ള ഒരു ഫാമില്‍ യുവാക്കള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ച് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമെന്ന വ്യാജേന നല്‍കിയ മദ്യം ഇവര്‍ കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ പ്രാദേശിക ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

40കാരനായ കാര്‍ത്തിക്ഭായ് മക്വാന, 25കാരനായ ഉപേന്ദ്രസിന്‍ഹ് ഗോഹില്‍, 50കാരനായ ഘനശ്യാംസിന്‍ഹ് ജഡേജ എന്നിവരാണ് മരിച്ചത്. നരേന്ദ്ര യാദവ് എന്നയാളുടെ മരണവും വ്യാജമദ്യം കഴിച്ചാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഫോറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളൂ. നിലവില്‍ 18 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററിലും നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ് (ഐസിയു). 10 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭാവ്നഗറിലെ സര്‍ ടി ആശുപത്രി, ബിഐഎംഎസ്, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂറത്ത്, ജാംനഗര്‍ എന്നിവിടങ്ങളിലും ഓരോരുത്തര്‍ ചികിത്സയിലുണ്ട്.

സര്‍ ടി ആശുപത്രിയില്‍ നിന്നുള്ള അടിയന്തര മെഡിക്കല്‍ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ മനീഷ് ബന്‍സാല്‍ അറിയിച്ചു. വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി അഹമ്മദാബാദിലെ ഐകെഡിആര്‍സി ആശുപത്രിയില്‍ നിന്നുള്ള നെഫ്രോളജിസ്റ്റിനെയും ഭാവ്നഗറിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് മദ്യം കഴിച്ച മറ്റാരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

സംഭവത്തില്‍ പ്രദേശവാസികള്‍ വലിയ പ്രതിഷേധത്തിലാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും ഖരക്ഡി സര്‍പഞ്ച് വിപുല്‍ഭായ് വഗേല, അയല്‍ ഗ്രാമമായ ഖത്ഡിയിലെ സര്‍പഞ്ച് സനുഭ ഗോഹില്‍ എന്നിവര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ദുരന്തം നടന്ന ഫാം സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ പ്രതികരണം.

സംഭവത്തിന് പിന്നാലെ ഭാവ്നഗര്‍ ലോക്കല്‍ ക്രൈംബ്രാഞ്ച് (എല്‍സിബി) വ്യാപക പരിശോധന ആരംഭിച്ചു. വര്‍തേജിലെ ഗൗതം സോളങ്കി എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 200ലധികം കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നാണ് വ്യാജമദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News