Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ സർവീസ് തുടങ്ങി. ഇന്ന് പുലർച്ചെ (ഓഗസ്റ്റ് 20) അഞ്ചരയ്ക്കായിരുന്നു ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി സർവീസിന്റെ തുടക്കം. കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒൻപതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി ഒൻപതേ മുക്കാലിന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്.
ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്കായി 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെയുള്ള ടോയ്‌ലറ്റ് സൗകര്യവും ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകും. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജിങ് പോർട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്.
പ്രീമിയം നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി ബസിൽ ജീവനക്കാരുണ്ടാകും. ഡ്രൈവർ കം കണ്ടക്ടർമാർക്ക് ബസിന്റെ പ്രവർത്തനരീതി, സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ നടപടികൾ എന്നിവയിലാണ് പരിശീലനം നൽകിയത്. ഇതിന് പുറമെ, ബസ് ഹോസ്റ്റസുമാർക്ക് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതി, അടിയന്തര സേവനങ്ങൾ തുടങ്ങിയവയിലും മികച്ച പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്.
ടിക്കറ്റുകൾ മുൻകൂട്ടി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിലേക്ക് 'Hai' എന്ന് സന്ദേശം അയക്കാം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എൻ്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
---------------
Hindusthan Samachar / Sreejith S