Enter your Email Address to subscribe to our newsletters

New delhi, 20 ഓഗസ്റ്റ് (H.S.)
കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നതില്‍ ന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്ന ദൃശ്യങ്ങള്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് പ്രതികരിക്കുകയായിരുന്നു കോടതി.
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണമോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ കൊണ്ടുവരണം, 13 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് വ്യക്തമായ ഒരു ചട്ടക്കൂട് രൂപീകരിക്കണം എന്നങ്ങനെയുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.
ഹര്‍ജിയിലെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നിവേദനമായി പരിഗണിച്ച് ഇതില്‍ അനുയോജ്യമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ വി. കാമേശ്വര്‍ റാവു, മന്‍മീത് പി.എസ്. അറോറ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട കക്ഷികളുമായും ഹര്‍ജിക്കാരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കണം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
ഇത്തരം കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ നേരിട്ട് നിര്‍ദേശം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ ഉത്തരവിറക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്നത് പുതിയ നിയമനിര്‍മാണംവരെ ആവശ്യമായി വന്നേക്കാവുന്ന വിപുലമായ ഒരു നയപരമായ വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക നിധി രാമന്‍ കോടതിയെ അറിയിച്ചു. ഇത്തരം തീരുമാനങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും കക്ഷികളുമായി വിപുലമായ കൂടിയാലോചനകള്‍ ആവശ്യമാണ്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് രാജ്യം ഇതിനകംതന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും അവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S