നൂറ്റാണ്ടുകളുടെ ആചാരപ്പെരുമയും ഭക്തിയും പേറി ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് തുടക്കമായി.
Kottayam , 23 ഓഗസ്റ്റ് (H.S.) നൂറ്റാണ്ടുകളുടെ ആചാരപ്പെരുമയും ഭക്തിയും പേറി ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള സമർപ്പണ വിഭവങ്ങളുമായി മങ്ങാട്ട് ഇ
ARANMULA ONAM FEAST


Kottayam , 23 ഓഗസ്റ്റ് (H.S.)

നൂറ്റാണ്ടുകളുടെ ആചാരപ്പെരുമയും ഭക്തിയും പേറി ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള സമർപ്പണ വിഭവങ്ങളുമായി മങ്ങാട്ട് ഇല്ലത്തുനിന്ന് അനൂപ് നാരായണ ഭട്ടതിരിയാണ് ചുരുളൻ വള്ളത്തിൽ യാത്ര തിരിച്ചു. ഇല്ലം കടവിൽ നടന്ന പ്രത്യേക പ്രാർഥനകൾക്കും ആചാരപരമായ ചടങ്ങുകൾക്കും ശേഷമാണ് അദ്ദേഹം പത്തനംതിട്ട കാട്ടൂരിലേക്ക് യാത്രയായത്.

നൂറ്റാണ്ടുകളുടെ ഭക്തിയും പാരമ്പര്യവും ഇഴചേർന്ന അപൂർവമായ ആചാരപെരുമയ്ക്കാണ് മീനച്ചിലാറും പമ്പാനദിയും സാക്ഷിയാകുന്നത്. കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് അനൂപ് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലാണ് ചുരുളൻ വള്ളത്തിൽ യാത്ര ആരംഭിച്ചത്. പത്തനംതിട്ട ജില്ലയിലെ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവ് വരെയാണ് ആദ്യഘട്ട യാത്ര. കാട്ടൂരിലെത്തിച്ചേരുന്ന ഭട്ടതിരി, അവിടെനിന്ന് ഉത്രാടം വൈകുന്നേരം കെടാവിളക്കും പിടിച്ച്, തിരുവോണ സദ്യയ്ക്കുള്ള അരിയും പച്ചക്കറികളും മറ്റ് പൂജാദ്രവ്യങ്ങളുമായി തിരുവോണത്തോണിയിൽ ആറന്മുളയിലേക്ക് യാത്ര തിരിക്കും.

തിരുവോണ നാളിൽ പുലർച്ചെ ആറന്മുള മഠക്കടവിൽ എത്തുന്ന തോണിയിലെ വിഭവങ്ങൾ ഉപയോഗിച്ചാണ് ഭഗവാന് നിവേദിക്കുന്ന തിരുവോണ സദ്യ ഒരുക്കുന്നത്. 18 കരക്കാരുടെ പ്രതിനിധികളും പള്ളിയോടങ്ങളും തിരുവോണത്തോണിക്ക് അകമ്പടിയാകും. പമ്പാതീരത്ത് താമസിച്ചിരുന്ന മങ്ങാട്ട് ഇല്ലത്തെ കാരണവർക്ക് സാക്ഷാൽ തിരുവാറന്മുളയപ്പൻ നൽകിയ അരുളപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്. പിന്നീട് കുടുംബം കുമാരനല്ലൂരിലേക്ക് മാറിയെങ്കിലും ആചാരങ്ങൾ തടസമില്ലാതെ തലമുറകളായി തുടരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് അനൂപ് നാരായണ ഭട്ടതിരി ഈ വിശുദ്ധ നിയോഗം ഏറ്റെടുത്ത് നടത്തുന്നത്. തിരുവോണം അത്താഴപൂജ വരെ ക്ഷേത്രത്തിൽ ഭട്ടതിരിയുടെ കാർമ്മികത്വവും ഉണ്ടായിരിക്കും.

സന്തോഷം പങ്കുവെച്ച് അനൂപ് നാരായണ ഭട്ടതിരി

മൂന്നാമത്തെ വര്ഷമാണ് തിരുവാറന്മുളയപ്പനെ ദര്ശിക്കാന് പോകുന്നതെന്ന് അനൂപ് നാരായണ ഭട്ടതിരി പറഞ്ഞു. മഹാഭാഗ്യം ലഭിച്ചതില് അതീവ സന്തുഷ്ടനാണെന്നും അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ഭാഗമായി കുടുംബാഗങ്ങളെല്ലാവരും എത്തിച്ചേര്ന്നുവെന്നും അദ്ദേഹം പറഞ്ഞു.

'തിരുവോണത്തോണി' ഐതീഹ്യം വിവരിച്ച് അനൂപ് നാരായണ ഭട്ടതിരി

നൂറ്റാണ്ടുകള്ക്ക് മുമ്പ് പമ്പയുടെ തീരത്ത് കാട്ടൂരുന്നെന്ന് പറയുന്ന സ്ഥലത്താണ് മങ്ങാട്ട് ഇല്ല പൂര്വികര് താമസിച്ചിരുന്നത്. അന്നത്തെ മുത്തശന് തിരുവാറന്മുളയപ്പൻ ഭക്തനായിരുന്നു. എല്ലാ വര്ഷവും തിരുവോണത്തിന് കാലുകഴി ചൂട്ട് എന്ന ആചാരം നടത്തുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു വര്ഷം ആചാരം നടത്തിയപ്പോള് ആരും വരാതെ ഇരിക്കുകയും ഇതില് നിരാശനായ അദ്ദേഹം പൂജമുറിയില് പ്രതാര്ഥനകളില് മുഴുകുകയും ചെയ്തു.

പെട്ടന്ന് ഒരു ബ്രാഹ്മണ ബാലന് വിശക്കുന്നുവെന്ന് പറഞ്ഞ് ഇല്ലത്തിലേക്ക് വരുകയുണ്ടായി. അങ്ങേയറ്റം സന്തോഷത്തോടു കൂടി ബാലന് ഭക്ഷണം നല്കി. മടക്കയാത്രയ്ക്ക് മുമ്പ് തനിക്ക് ലഭിച്ച ആഥിയേതിഥ്വം ഇഷ്ടമായെന്നും എല്ലാ വര്ഷവും താങ്കള് എനിക്ക് ഭക്ഷണം തരണമെന്നും ബാലന് പറഞ്ഞു. അടുത്ത വര്ഷം ഉത്രാടത്തിന് തൊട്ട് മുമ്പ് തിരുവാറന്മുളയപ്പൻ സ്വപ്നത്തില് വരുകയും വന്ന ബാലന് താനാണെന്ന് മുത്തശനോട് പറഞ്ഞു. ഇനി മുതല് ആറന്മുളയില് വന്ന് ഭക്ഷണം തന്നാല് മതിയെന്നും സ്വപ്നത്തില് തിരുവാറന്മുളയപ്പൻ പറഞ്ഞു. നടന്ന കാര്യങ്ങള് ആറന്മുളയില് അറിയിക്കുകയും ഭട്ടതിരിയുടെ വരവിനെക്കുറിച്ച് അറിയിക്കുകയും ചെയ്തു.

അന്ന് തൊട്ട് മുടങ്ങാതെ എല്ലാ വർഷവും തിരുവാറന്മുളയപ്പന് തിരുവോണ സദ്യ എത്തിക്കുന്നു. കാല ക്രമേണ കുടുംബം കോട്ടയം കുമാരനെല്ലൂരിലേക്ക് മാറിയെങ്കിലും ഇന്നും പതിവ് തെറ്റിക്കുന്നില്ല. ചിങ്ങമാസത്തിലെ മൂലം നാള് ഇവിടെ നിന്ന് പുറപ്പെട്ട് ഉത്രാടത്തിൻ്റെയെന്ന് വൈകുന്നേരം കാട്ടൂര് എത്തിച്ചേരും. കാട്ടൂര് മഹാവിഷ്ണു ക്ഷേത്രത്തില് നിന്ന് കെടാവിളക്കുമായി സദ്യയ്ക്കുള്ള സാധനങ്ങളുമായി ആറന്മുളയിലേക്ക് യാത്ര പുറപ്പെടും. തിരുവോണം പുലര്ച്ചെ അവിടെ എത്തിച്ചേരും. ഈ കെടാവിളക്ക് ശ്രീകോവിലിനുള്ളില് കൊളുത്തിയാണ് അന്നത്തെ പൂജാ കര്മങ്ങള്ക്ക് തുടക്കം നല്കുന്നത്. അത്താഴ പൂജ വരെ ഇല്ലത്തെ ആളുകള് മണ്ഡപത്തിലുണ്ടാകും. അതിനുശേഷം യാത്രപറഞ്ഞ് ഇറങ്ങുന്നതാണ് ഐതീഹ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News