Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: ബിജെപി വിട്ട മുതിർന്ന ചലച്ചിത്ര താരവും രാഷ്ട്രീയ നേതാവുമായ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ). തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ കേരള ഘടകം സംസ്ഥാന അധ്യക്ഷനായി ദേവനെ പരിഗണിക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ടിവികെ നേതൃത്വത്തിന്റെ പ്രതിനിധികളുമായി പ്രാഥമിക ഘട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.
പ്രാഥമിക ചർച്ചകൾ പൂർത്തിയായി; മധ്യസ്ഥത വഹിച്ച് നടി പ്രിയങ്ക
ടിവികെ പ്രതിനിധികൾ കേരളത്തിലെത്തി ദേവനുമായി വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്. നടി പ്രിയങ്കയാണ് ടിവികെ നേതാക്കൾക്ക് ദേവന്റെ ഫോൺ നമ്പർ നൽകിയതും ചർച്ചകൾക്ക് വഴിയൊരുക്കിയതും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെയുടെ ഭാഗമാകുന്നത് കൂടുതൽ പ്രായോഗികമായ തീരുമാനമായി തോന്നുന്നുവെന്ന് ദേവൻ വ്യക്തമാക്കി. കേരളത്തിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് മുതിർന്ന നേതാവിനെത്തന്നെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ടിവികെ ആലോചിക്കുന്നത്.
സെപ്റ്റംബർ 10-ന് വിജയ്യുമായി കൂടിക്കാഴ്ച
പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെപ്റ്റംബർ 10-ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും. തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ്യുമായി നേരിട്ട് നടത്തുന്ന ഈ ചർച്ചയിൽ ഔദ്യോഗിക പദവി സംബന്ധിച്ച തീരുമാനമുണ്ടാകും. തുടർന്ന് സെപ്റ്റംബറിൽ തന്നെ ദേവൻ ഔദ്യോഗികമായി ടിവികെയുടെ ഭാഗമാകും. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കാണ് നേതൃത്വം പരിഗണിക്കുന്നത് എന്ന് ദേവൻ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി വിട്ടതിന് പിന്നാലെയുള്ള നീക്കം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ദേവൻ അടുത്തിടെയാണ് പാർട്ടിയിലെ പ്രാഥമിക അംഗത്വവും ഭാരവാഹിത്വവും രാജിവെച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ബിജെപിയിൽ അതിന് സാധിക്കുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു രാജി. നേരത്തെ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ദേവൻ, പിന്നീട് പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു.
ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടി വിട്ട ദേവന്റെ ടിവികെ പ്രവേശന നീക്കങ്ങൾ, കേരള രാഷ്ട്രീയത്തിലും തമിഴക വെട്രി കഴകത്തിന്റെ സാന്നിധ്യം സജീവമാക്കാനുള്ള ചുവടുവെപ്പുകൾക്കാണ് വഴിതുറക്കുന്നത്.
---------------
Hindusthan Samachar / Roshith K