രക്ഷാബന്ധൻ സമ്മാനം: ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കൂടെയുള്ള ഒരാൾക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് യോഗി സർക്കാർ
Lucknow, 24 ഓഗസ്റ്റ് (H.S.) ലഖ്നൗ: രക്ഷാബന്ധൻ പ്രമാണിച്ച് സംസ്ഥാനത്തെ സ്ത്രീകൾക്ക് വലിയൊരു സമ്മാനവുമായി ഉത്തർപ്രദേശ് സർക്കാർ. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കും അവർക്കൊപ്പം യാത്ര ചെയ്യുന്ന ഒരു സഹയാത്രികനും സർക്കാർ ബസുകളിൽ സൗജന്യ യാത്രാ സ
രക്ഷാബന്ധൻ സമ്മാനം: ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കൂടെയുള്ള ഒരാൾക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് യോഗി സർക്കാർ


Lucknow, 24 ഓഗസ്റ്റ് (H.S.)

ലഖ്നൗ: രക്ഷാബന്ധൻ പ്രമാണിച്ച് സംസ്ഥാനത്തെ സ്ത്രീകൾക്ക് വലിയൊരു സമ്മാനവുമായി ഉത്തർപ്രദേശ് സർക്കാർ. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കും അവർക്കൊപ്പം യാത്ര ചെയ്യുന്ന ഒരു സഹയാത്രികനും സർക്കാർ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ആഗസ്റ്റ് 27-ന് രാവിലെ 6 മണി മുതൽ ആഗസ്റ്റ് 29-ന് അർദ്ധരാത്രി 12 മണി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. രക്ഷാബന്ധൻ ആഘോഷിക്കാൻ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും പോകുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഒരു സഹയാത്രികനും സൗജന്യ ടിക്കറ്റ്

ആദ്യ ഘട്ടത്തിൽ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര പിന്നീട് ആഗസ്റ്റ് 27 മുതൽ 29 അർദ്ധരാത്രി വരെയായി നീട്ടുകയായിരുന്നു. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (UPSRTC) ബസുകളിലാണ് ഈ സൗകര്യം ലഭിക്കുക.

വനിതാ യാത്രക്കാർക്കൊപ്പം യാത്ര ചെയ്യുന്ന ഒരാൾക്കും സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ, ഒന്നിൽ കൂടുതൽ പേർ കൂടെയുണ്ടെങ്കിൽ വനിതയ്ക്കും ഒപ്പമുള്ള ഒരാൾക്കും മാത്രമേ സൗജന്യ ടിക്കറ്റ് അനുവദിക്കൂ. ബാക്കിയുള്ളവർ സാധാരണ നിരക്കിലുള്ള ടിക്കറ്റ് എടുക്കേണ്ടി വരും.

ഉന്നതതല യോഗവും സുരക്ഷാ നിർദ്ദേശങ്ങളും

പദ്ധതിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക വസതിയിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നഗരവികസന വകുപ്പ്, പോലീസ്, ട്രാഫിക് വിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഉത്സവ സീസണിൽ സ്ത്രീകളുടെ യാത്ര തികച്ചും സുരക്ഷിതമായിരിക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.

ബസ് സ്റ്റേഷനുകളിൽ മതിയായ സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ശുചിത്വം എന്നിവ ഉറപ്പാക്കണം. കൂടാതെ, സ്വകാര്യ ബസുകൾ, ഓട്ടോകൾ, ടാക്സികൾ എന്നിവയിലെ ഡ്രൈവർമാരുടെ വിവരങ്ങൾ പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തണം. ആഗസ്റ്റ് 25-നകം എല്ലാ ജില്ലകളിലും ബസ്, ടാക്സി, ഓട്ടോ-ടെമ്പോ യൂണിയനുകളുമായി പ്രത്യേക ഏകോപന യോഗങ്ങൾ നടത്താനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

900-ലധികം നഗര ബസുകളിലും സൗജന്യം

സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾക്ക് പുറമെ, നഗരവികസന വകുപ്പിന് കീഴിലുള്ള 900-ലധികം സിറ്റി ബസുകളിലും ഈ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉത്സവ സീസണിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി മഥുര-വൃന്ദാവനം, അയോധ്യ, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, വിന്ധ്യാചൽ-മിർസാപൂർ, ഗോരഖ്പൂർ തുടങ്ങിയ പ്രധാന തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബസുകളിലും മറ്റ് വാഹനങ്ങളിലും അമിതഭാരം കയറ്റുന്നതിനെതിരെയും അമിതവേഗതയ്ക്കും യാത്രാക്കൂലി കൂടുതൽ ഈടാക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

---------------

Hindusthan Samachar / Roshith K


Latest News