Enter your Email Address to subscribe to our newsletters

Kerala, 24 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷന്‍അഴിമതിക്കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചു. കേസ് അന്വേഷിച്ച എറണാകുളം സി.ബി.ഐ യൂണിറ്റിനും പ്രോസിക്യൂഷനും നടപടികള്‍ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയില്‍ നടത്തുന്നതാണ് കൂടുതല്‍ സൗകര്യപ്രദമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതിയില്‍ അപേക്ഷ നല്‍കിയത്.
സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷയില്‍ പ്രതിഭാഗത്തിന് എന്തെങ്കിലും തര്‍ക്കങ്ങളോ എതിര്‍പ്പുകളോ ഉണ്ടെങ്കില്‍ അത് കോടതിയില്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കി. കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ്, മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, കരാറുകാരന്‍ ജയ് മോഹന്‍ എന്നിവരാണ് സി.ബി.ഐ കുറ്റപത്രത്തിലെ പ്രധാന പ്രതികള്‍. തോട്ടണ്ടി ഇറക്കുമതി ഇടപാടിലൂടെ കോര്‍പറേഷന് ഏകദേശം 500 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ക്രമക്കേടും ഉണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. വഞ്ചനാ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കോര്‍പ്പറേഷന്‍ മുന്‍ എം.ഡി കെ.എ. രതീഷ് എന്നിവര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യേണ്ടതിന് പകരം കോടതിയലക്ഷ്യ കേസിനെതിരെ എങ്ങനെ അപ്പീല്‍ നല്‍കാനാകുമെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു.
സിംഗിള്‍ ബെഞ്ചിന്റെ മുന്നിലുള്ള കോടതിയലക്ഷ്യ കേസില്‍ അന്തിമ തീരുമാനം വരട്ടെയെന്ന നിലപാടാണ് കോടതി അന്ന് സ്വീകരിച്ചത്. കോടതിയലക്ഷ്യ ഹര്‍ജികളില്‍ തങ്ങള്‍ കക്ഷികളല്ലെന്നും, തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നുമാണ് പ്രതികളുടെ പ്രധാന വാദം. കൂടാതെ, സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച മുന്‍ ഉത്തരവുകള്‍ കോടതിയലക്ഷ്യ കേസിന്റെ പരിധിയില്‍ വച്ച് പരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ചിന് കഴിയില്ലെന്നും പ്രതികള്‍ വാദിച്ചിരുന്നു.
2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വിദേശത്തുനിന്ന് വിദേശ വിപണിയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുണനിലവാരമില്ലാത്ത അസംസ്‌ക്യത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കേസ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ആര്‍. ചന്ദ്രശേഖരനും എം.ഡിയായിരുന്ന കെ.എ. രതീഷും സ്വകാര്യ കരാറുകാരുമായി ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് കണ്ടെത്തിയത്.
---------------
Hindusthan Samachar / Sreejith S