Enter your Email Address to subscribe to our newsletters

New delhi, 24 ഓഗസ്റ്റ് (H.S.)
ഡല്‍ഹിയില്‍ ജനജീവിതം ദുസഹമാക്കി കനത്ത മഴ. നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ടും ഗതാഗതതടസവും രൂപപ്പെട്ടു. തെക്കന്‍ ഡല്‍ഹയിലും സമീപത്തും ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിവധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡല്‍ഹിയിലെ കനത്ത മഴയെ തുടര്‍ന്ന് വ്യോമഗതാഗതം താറുമാറായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ ഇടിയും മിന്നലും തുടരുന്നതാണ് ഇതിന് കാരണം. ഇതില്‍ 12 എണ്ണം ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒന്ന് ലഖ്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. പിന്നാലെ പ്രതികൂല കാലാവസ്ഥ കാരണം വിമാന സര്‍വീസുകളെയും ബാധിക്കുമെന്ന് സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഫ്‌ലൈയ്റ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു.
'പ്രതികൂല കാലാവസ്ഥ അല്ലാത്തതിനാല്‍ ഇന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ ബാധിച്ചേക്കാം. അതിനാല്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ സ്റ്റാറ്റസ് പരിശോധിക്കണം' എന്ന് എയര്‍ ഇന്ത്യ എക്സില്‍ കുറിച്ചു. 'ഡല്‍ഹിയിലെ കാലാവസ്ഥ മോശമായതിനാല്‍ പല സര്‍വീസുകളും വൈകിയോടാന്‍ സാധ്യതയുണ്ട്. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്' ഇന്‍ഡിഗോ പറഞ്ഞു.
ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മിതമായതോ കനത്തതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ്, ഈസ്റ്റ്, ഷാഹ്ദര, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ്, സൗത്ത്, ന്യൂഡല്‍ഹി, നോര്‍ത്ത് തുടങ്ങി നിരവധി മേഖലകളിലാണ് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗത്ത് വെസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.
തെക്കുകിഴക്കന്‍ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി, ഷാഹ്ദാര, മധ്യ ഡല്‍ഹി, വടക്കുകിഴക്കന്‍ ഡല്‍ഹി, സൗത്ത് ഡല്‍ഹി, ന്യൂഡല്‍ഹി, തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹി, പടിഞ്ഞാറന്‍ ഡല്‍ഹി, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി, വടക്കന്‍ ഡല്‍ഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് പ്രധാന കാരണം സജീവമായ മണ്‍സൂണ്‍ ട്രഫ്, ഉത്തര്‍പ്രദേശിലെ ന്യൂനമര്‍ദ്ദം എന്നിവയാണ്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S