Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഓഗസ്റ്റ് (H.S.)
മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ ഇ.ഡി കേസ് പ്രതികളായ സി.പി.എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, ഒന്നാം പ്രതി നിഥിന്‍ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (മൂന്ന്) പൊലീസ് അപേക്ഷ നല്‍കിയത്. അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. 68 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയിരുന്നത്.
?മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് സജ്ജീകരിച്ചിരുന്ന ഊഞ്ഞാലില്‍ ആടുകയും ചെണ്ടമേളത്തില്‍ പങ്കാളികളാകുകയും റീല്‍സ് ചിത്രീകരിക്കുകയും ചെയ്ത പ്രതികളുടെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെ, പ്രതികള്‍ സ്റ്റേഷനില്‍ ആഘോഷം നടത്തിയത് കണ്ടുനില്‍ക്കുകയും ഇവരെ പിരിച്ചുവിടാന്‍ തയാറാകാതിരിക്കുകയും ചെയ്ത ജി.ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥനടക്കം ആറ് പൊലീസുകാരെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണ നടപടിയെടുത്തു. ഒപ്പിടാന്‍ എത്തിയ പ്രതികളെ അതിനുശേഷം സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിടുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
?സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. കേസില്‍ ആകെ 26 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓണാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാര്‍ വാങ്ങിയിരുന്ന അതേ ഡ്രസ് കോഡിന് സമാനമായ വസ്ത്രം ധരിച്ചാണ് ഐ.പി ബിനു അടക്കമുള്ളവര്‍ എത്തിയതെന്നും ആരോപണമുണ്ട്. പാളയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍നിന്നും അറുപത്തഞ്ചോളം ഷര്‍ട്ടുകള്‍ സ്റ്റേഷനിലെ പൊലീസുകാര്‍ വാങ്ങിയത് അന്വേഷണത്തിലേക്ക് വഴിതെളിച്ചിട്ടുണ്ട്.
?സംഭവത്തില്‍ എ.ഡി.ജി.പി പ്രഖ്യാപിച്ച അന്വേഷണത്തിന് പുറമെ പൊലീസുകാര്‍ക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ ഡി.സി.പിയും തുടരന്വേഷണം നടത്തും. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പ്രശാന്ത് പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നില്‍ വച്ചും ഐ.പി ബിനുവിനെ സ്റ്റേഷനുള്ളില്‍ വച്ചും സംസാരിച്ചിരുന്നതായും റീല്‍സ് ചിത്രീകരണം നടക്കുമ്പോള്‍ ഇദ്ദേഹം സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടായേക്കും.
---------------
Hindusthan Samachar / Sreejith S