Enter your Email Address to subscribe to our newsletters

Chennai, 24 ഓഗസ്റ്റ് (H.S.)
പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ വിജയ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം മൂന്ന് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്. 2027 പൊങ്കല്‍ മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു.
വീട്ടമ്മമാര്‍ക്ക് പ്രതിവര്‍ഷം മൂന്ന് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 2027 പൊങ്കല്‍ മുതല്‍ പദ്ധതി നടപ്പിലാക്കും. 'അന്നപൂര്‍ണ സൂപ്പര്‍ 6' പദ്ധതി എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതിക്കായി 4,000 കോടി രൂപ അനുവദിക്കുമെന്നും വിജയ് നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് 1,38,16,104 കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍, ചെറുകിട, കര്‍ഷകര്‍, 2.5 ലക്ഷം രൂപ വരുമാനമുള്ള ഭിന്നശേഷിയുള്ള കുടുംബങ്ങള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സേവനം ലഭിക്കാന്‍ വളരെ എളുപ്പമാണ്. സാധാരണ ചെയ്യുന്നത് പോലെ ഗ്യാസ് സിലണ്ടര്‍ രജിസ്റ്റര്‍ ചെയ്യുക. അവ ലഭിച്ച ശേഷം കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ലിസ്റ്റ് അനുസരിച്ച് അന്നത്തെ സിലണ്ടറുടെ കാശ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ആവും.
പദ്ധതി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും വിജയ് പറഞ്ഞു. ടിവികെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ പാചക സിലിണ്ടര്‍. അതാണ് അടുത്ത വര്‍ഷം നടപ്പിലാക്കാന്‍ പോകുന്നത്. രണ്ട് ദിവസം മുമ്പാണ് തായ് മാമന്‍ തങ്ക മോതിരം പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. മുന്‍ മുഖ്യമന്ത്രിയും ദ്രാവിഡ നേതാവുമായ പേരറിജ്ഞര്‍ അണ്ണായുടെ ജന്മദിനമായ സെപ്റ്റംബര്‍ 15നാണ് പദ്ധതി ആരംഭിക്കുക. 2026 ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച കുട്ടികള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാരുടെയും സാമൂഹിക സുരക്ഷയും യാത്രാസൗകര്യവും ശക്തമാക്കുന്നതിന്റെ ഭാഗമായി, സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് 'വെട്രി പയണം' പദ്ധതി പ്രഖ്യാപിച്ചു.നിയമസഭയിലെ 110-ാം ചട്ടപ്രകാരമുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രി വിജയ് ഈ പ്രഖ്യാപനം നടത്തിയത്. 'സ്ത്രീകള്‍ക്ക് 'വെട്രി പയണം' പദ്ധതിയിലൂടെ സൗജന്യ ബസ് യാത്ര ആസ്വദിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തിലോ യാതൊരുവിധ നിബന്ധനകളും ഉണ്ടാകില്ല,' അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ ഈ പദ്ധതി രാജ്യത്ത് നിലവില്‍ വരും.
ഈ വിപുലീകരിച്ച യാത്രാ പദ്ധതി പ്രകാരം സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും മെട്രോപൊളിറ്റന്‍, നഗര കേന്ദ്രങ്ങളില്‍ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ്, ഡീലക്‌സ് ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. അന്തര്‍ ജില്ലാ യാത്രകള്‍ സുഗമമാക്കുന്നതിനായി, മൊഫ്യൂസില്‍ (ഗ്രാമീണ/നഗരപ്രാന്ത പ്രദേശങ്ങള്‍), മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകളിലേക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കും.
'വെട്രി പയണം' പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 6,000 കോടി രൂപയുടെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
'വെട്രി വിഷന്‍ ഡോക്യുമെന്റില്‍' വിഭാവനം ചെയ്തിട്ടുള്ള സ്ത്രീ ശാക്തീകരണത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി വീണ്ടും ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെ സുരക്ഷ, സാമൂഹിക പുരോഗതി, ഉപജീവന സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി 'സിംഗ പെണ്‍' പ്രത്യേക ടാസ്‌ക് ഫോഴ്സ്, 'തായ്മാമന്‍ തങ്കമോതിരം', 'വെട്രി മകള്‍ ആടുകള്‍ വളര്‍ത്തല്‍' എന്നീ ലക്ഷ്യാധിഷ്ഠിത പദ്ധതികള്‍ക്കായി ഇതിനകം തന്നെ ആവശ്യമായ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈയ്ക്കടുത്തുള്ള പറണ്ടൂരില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പ്രദേശവാസികള്‍ക്കോ കര്‍ഷകര്‍കക്കോ ബാധിക്കാത്ത തരത്തില്‍ പുതിയ സ്ഥലം കണ്ടെത്തുമെന്ന് വിജയ് പറഞ്ഞു. നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതുവരെ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മീനമ്പാക്കത്തെ നിലവിലുള്ള ചെന്നൈ വിമാനത്താവളം വികസിപ്പിക്കും. നിലവില്‍ വിമാനത്താവളത്തിന് പ്രതിവര്‍ഷം ഏകദേശം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. എന്നിരുന്നാലും വ്യാവസായിക വികസനവും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുക്കുമ്പോള്‍ ഒരു പുതിയ വിമാനത്താവളം ആവശ്യമാണെന്ന്' വിജയ് പറഞ്ഞു. കര്‍ഷകരെ ബാധിക്കാത്തതോ ജനവാസ മേഖലകളില്‍ വലിയ തോതിലുള്ള കുടിയിറക്കത്തിന് കാരണമാകാത്തതോ ആയ രീതിയില്‍ ആയിരിക്കും പുതിയ വിമാനത്താവളത്തിന്റെ സ്ഥലം തെരഞ്ഞെടുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S