Enter your Email Address to subscribe to our newsletters

Ernakulam , 26 ഓഗസ്റ്റ് (H.S.)
നഗരത്തിലെ തിരക്കേറിയ ഇടപ്പള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നടപടിയുമായി കൊച്ചി മെട്രോ റെയില് ലിമിറ്റഡ്.
ഇതിന്റെ ഭാഗമായി മേഖലയില് രണ്ടാമത്തെ ഓട്ടോമേറ്റഡ് മള്ട്ടി-ലെവല് കാർ പാർക്കിങ് സൗകര്യം നിർമിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം നിർമ്മിക്കുന്ന പാർക്കിങ് കേന്ദ്രത്തില് 100 കാറുകള് പാർക്ക് ചെയ്യാനാകും. നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് കെഎംആർഎല് അധികൃതർ അറിയിച്ചു.
സമീപത്ത് വരാനിരിക്കുന്ന ഹോട്ടല് പദ്ധതിയുമായി പങ്കിട്ട സ്ഥലത്തായിരിക്കും എംഎല്സിപി ഒരുക്കുക. പാർക്കിങ് സ്ലോട്ടുകളില് ചിലത് ഹോട്ടല് അതിഥികള്ക്കായി മാറ്റിവയ്ക്കും. ബാക്കിയുള്ളവ മെട്രോ യാത്രക്കാർ ഉള്പ്പെടെയുള്ള പൊതുജനങ്ങള്ക്ക് ഉപയോഗിക്കാം. മെട്രോ സ്റ്റേഷന് പുറത്തുള്ള നിലവിലെ പാർക്കിങ് കേന്ദ്രത്തില് ഈടാക്കുന്ന അതേ നിരക്കായിരിക്കും ഇവിടെ ഈടാക്കുക. ആദ്യ ഓട്ടോമേറ്റഡ് എംഎല്സിപി വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്.
ഒമ്പത് നിലകളുള്ള ഈ ആധുനിക സംവിധാനത്തില് 100 കാറുകള് പാർക്ക് ചെയ്യാം. വാഹനം നിശ്ചിത ബേയില് നിർത്തിയാല് പിന്നീട് റോബോട്ടിക് സംവിധാനം തന്നെ അത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുകയും ആവശ്യപ്പെടുമ്പോള് തിരിച്ചെത്തിക്കുകയും ചെയ്യും. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ളതിനാല് മോഷണത്തിനും വാഹനങ്ങള്ക്ക് കേടുപാടുകള് സംഭവിക്കുന്നതിനുമുള്ള സാധ്യത കുറയും.
കടുത്ത വെയിലും മഴയും ഉള്പ്പെടെയുള്ള കാലാവസ്ഥയില് നിന്ന് വാഹനങ്ങളെ സംരക്ഷിക്കാനും സംവിധാനത്തിന് കഴിയും. ഇടപ്പള്ളിയിലും സമാനമായ ആധുനിക എംഎല്സിപിയാണ് നിർമ്മിക്കുക. ആദ്യ മെട്രോ സർവീസ് ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് മുതല് അവസാന ട്രെയിൻ കഴിഞ്ഞ് ഒരു മണിക്കൂർ വരെ പാർക്കിങ് സൗകര്യം ഉപയോഗിക്കാനാകും.
ഓട്ടോമേറ്റഡ് സംവിധാനത്തിന്റെ പ്രവർത്തനത്തിന് അധിക വൈദ്യുതി ചെലവ് വരുമെങ്കിലും പൊതുജനങ്ങളെ പാർക്കിങ് സൗകര്യം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎംആർഎല് നിരക്ക് കുറച്ച് നിലനിർത്തിയിട്ടുണ്ട്. മെട്രോ യാത്രക്കാർക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണ് നിരക്ക്. മെട്രോ യാത്രക്കാരല്ലാത്തവർക്ക് ആദ്യ രണ്ട് മണിക്കൂറിന് 60 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും 20 രൂപയും നല്കണം.
ഇടപ്പള്ളിക്ക് പുറമെ ആലുവ, എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുകളിലും സമാനമായ എംഎല്സിപി സൗകര്യങ്ങള് ഒരുക്കാൻ കെഎംആർഎല് പദ്ധതിയിടുന്നുണ്ട്. അതേസമയം കൊച്ചി കോർപ്പറേഷനും എറണാകുളം മാർക്കറ്റ് കോംപ്ലക്സിന് സമീപം പുതിയ എംഎല്സിപി നിർമ്മിക്കുന്നുണ്ട്. ഇവിടെ 123 കാറുകള്ക്കും 100 ഇരുചക്രവാഹനങ്ങള്ക്കും പാർക്കിങ് സൗകര്യമുണ്ടാകും.
റെയില്വേയും പാർക്കിങ് സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ടൗണ് സ്റ്റേഷനില് 110 കാറുകള്ക്കുള്ള ആറുനില പാർക്കിങ് കെട്ടിടവും എറണാകുളം ജങ്ഷനില് 90 കാറുകള്ക്കുള്ള അഞ്ചുനില സൗകര്യവും നിർമിക്കുന്നുണ്ട്. ഇതോടെ നഗരത്തിലെ പാർക്കിങ് സംവിധാനത്തിന് കൂടുതല് ഗുണകരമാവുമെന്നാണ് വിലയിരുത്തല്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR