Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ഓഗസ്റ്റ് (H.S.)
നടന്, ഗായകന് എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ. ജയന്. തിരുവോണനാളില് മനോജ് കെ. ജയൻ സോഷ്യല് മീഡിയയില് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള് ശ്രദ്ധനേടുന്നത്.
മലയാള സിനിമയുടെ പ്രിയ നടൻ മധുവിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
മധുസാറിനെ കുടുംബസമേതം അദ്ദേഹത്തിൻറെ വസതിയില് പോയി നേരിട്ട് കാണുകയും ഓണാശംസകള് നേരുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തതായി ചിത്രങ്ങള് പങ്കുവച്ചുകൊണ്ട് മനോജ് കെ. ജയൻ കുറിച്ചു. ഓണക്കോടി നല്കുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ധന്യ മുഹൂർത്തം. ഈ വർഷത്തെ എന്റെ ഓണം ധന്യമായി. മലയാള സിനിമാ തറവാട്ടിലെ കാരണവരായ, ജീവിക്കുന്ന ഇതിഹാസമായ എത്രയും ആദരണീയനായ മധുസാറിനെ കുടുംബസമേതം അദ്ദേഹത്തിൻറെ വസതിയില് പോയി നേരിട്ട് കാണുകയും അദ്ദേഹത്തിന് ഓണാശംസകള് നേർന്ന്, അനുഗ്രഹം വാങ്ങി ഒരു ഓണക്കോടി നല്കാൻ സാധിക്കുകയും ചെയ്തത് ഈ വർഷത്തെ എൻറെ ഓണം സാർത്ഥകമാകുന്നു. മധു സാറിനു എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിന്റെ ഭാഷയില് ഓണാശംസകള് അറിയിക്കുന്നു, മനോജ് കുറിച്ചു.
അതേസമയം, മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയില് സജീവമായി തുടരുന്ന താരങ്ങളില് ഒരാളാണ് മനോജ് കെ. ജയൻ. താരം സോഷ്യല് മീഡിയയില് പങ്കുവയ്ക്കുന്ന ചിത്രങ്ങള്ക്കും പോസ്റ്റുകള്ക്കും വിലിയ ആരാധകരുണ്ട്. നിരവധി ആളുകളാണ് മനോജ് കെ. ജയനും ഓണം ആശംസിച്ചുകൊണ്ട് പോസ്റ്റില് കമന്റുമായെത്തുന്നത്. കുടുംബസമേതത്തിലെ ശിവശങ്കരൻ അച്ഛനെ കാണാൻ എത്തി.. എന്ന രസകരമായൊരു കമന്റും ഒരാള് പോസ്റ്റില് കുറിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില് മധു, മനോജ് കെ. ജയൻ എന്നിവർ പ്രധാന വേഷങ്ങളില് എത്തിയ ചിത്രമായിരുന്നു 1992 ല് പുറത്തിറങ്ങിയ കുടുംബസമേതം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR