Enter your Email Address to subscribe to our newsletters

Kochi, 04 ഓഗസ്റ്റ് (H.S.)
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സലി സാംസൺ നയിക്കും. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിലും ടീം ഉടമ സുഭാഷ് മാനുവലും ചേർന്ന് ലണ്ടനിൽ വെച്ചാണ് ബ്ലൂ ടൈഗേഴ്സിന്റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണിൽ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ നേതൃത്വ പാടവും ബേസിൽ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഇതോടൊപ്പം വൺസ് എ ബ്ലൂടൈഗേഴ്സ്, ഓൾവെയ്സ് എ ബ്ലൂ ടൈഗേഴ്സ് എന്ന പുതിയ ടീം സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്രിസ് ഗെയിൽ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ സീസണിൽ സലി സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസിൽ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയിൽ പറഞ്ഞു. ഈ കൂട്ടുകെട്ടിൽ ടീമിന് പൂർണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തിലെത്തുന്ന ഗെയിൽ കൊച്ചിയുടെ മത്സരം നേരിട്ട് കാണാൻ ഗ്രീൻഫീൽഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്നും സലിയുടെയും ബേസിലിന്റെയും നേതൃത്വത്തിൽ ബ്ലൂടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ചാമ്പ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തരായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S