സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Thiruvananthapuram, 04 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട
Weather update


Thiruvananthapuram, 04 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കാനിരുന്ന പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥ തുടരുന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിമഴ ശക്തമായ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് അവധി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇതിനുപുറമെ, വയനാട്, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചുസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നടക്കാനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം നാല്, അഞ്ച്, ആറ്, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഒ.എം.ആർ, ഓൺലൈൻ പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച മറ്റ് സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമില്ല.

തുടർച്ചയായ മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിലെ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. വിനോദസഞ്ചാരികൾ വെള്ളച്ചാട്ടങ്ങൾ, നദികൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ തയാറാകണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയെയും പൊലീസിനെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. താലൂക്ക്, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും, സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. അതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദേശമുണ്ട്. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യു, പൊലീസ്, ഫയർഫോഴ്സ് വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ബോട്ടുകളും മറ്റ് സജ്ജീകരണങ്ങളും തയാറാക്കി നിർത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News