Enter your Email Address to subscribe to our newsletters

Bengaluru, 04 ഓഗസ്റ്റ് (H.S.)
'ലിവ്-ഇന്‍' ബന്ധത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന പരാതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന് തെറ്റായ വാഗ്ദാനം നല്‍കി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ലിവ് ഇന്‍ പങ്കാളിക്കെതിരേ ചുമത്തിയ ക്രിമിനല്‍ കേസ് കോടതി റദ്ദാക്കി. അഞ്ച് വര്‍ഷത്തെ പരസ്പര സമ്മതത്തോടെയുള്ള ലിവ്-ഇന്‍ ബന്ധത്തില്‍ നിന്നുണ്ടായ ആരോപണങ്ങള്‍ ബി.എന്‍.എസ് (BNS) പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ പെടില്ലെന്ന് ആരോപിച്ച് കുറ്റാരോപിതനായ വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുകവെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തീരുമാനം വ്യക്തമാക്കിയത്.
വിവാഹ വാഗ്ദാനം നല്‍കി പരാതിക്കാരിയുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് എങ്ങനെ ചിത്രീകരിക്കാനാകുമെന്ന് മനസിലാകുന്നില്ലെന്നും വിവാഹവാഗ്ദാനം നല്‍കിയാണോ അതോ പരസ്പര സമ്മതത്തോടെയാണോ പ്രതി പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് തിരിച്ചറിയാന്‍ അഞ്ച് വര്‍ഷം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
ഫേസ്ബുക്ക് വഴിയാണ് ഹര്‍ജിക്കാരനും പരാതിക്കാരിയും പരിചയപ്പെട്ടത്. സൗഹൃദമായി തുടങ്ങിയ ആ ബന്ധം പിന്നീട് പ്രണയമായി മാറുകയും, ഇരുവരും ഏകദേശം അഞ്ച് വര്‍ഷത്തോളം വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു. പരാതിക്കാരി അവിവാഹിതയാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീട് അവര്‍ക്ക് മറ്റൊരു പുരുഷനുമായി നേരത്തെ തന്നെ വിവാഹം കഴിഞ്ഞിരുന്നതായി മനസിലാക്കിയതിനെത്തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ച് അവിടെനിന്ന് പോവുകയായിരുന്നെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
പരാതിക്കാരി ആദ്യം 2025 മാര്‍ച്ചിലാണ് പൊലീസ് സ്റ്റേഷനെ സമീപിച്ചത്. ഇരുപക്ഷത്തിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം 2025 ജൂണില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് 2025 ജൂലൈയില്‍ അവര്‍ പുതിയൊരു പരാതി നല്‍കി. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും, സാമ്പത്തികമായി വഞ്ചിക്കുകയും, മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും, പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും ചെയ്തുവെന്നായിരുന്നു പരാതിയിലെ ആരോപണം.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സെഷന്‍സ് കോടതി കേസ് പരിഗണനയ്ക്കായി സ്വീകരിക്കുകയും ചെയ്തു. ഇതിനുശേഷം, ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കിയെന്ന ആരോപണം ഹര്‍ജിക്കാരന്‍ നിഷേധിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം പരാതിക്കാരിയുമായി അഞ്ച് വര്‍ഷത്തിലേറെക്കാലം പരസ്പര സമ്മതത്തോടെ 'ലിവ്-ഇന്‍' ബന്ധത്തിലായിരുന്നുവെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ മയൂര്‍ ഡി ഭാനു, ശമന്ത് ഗൗഡ ജെ, ചരണ്‍ എന്‍ എസ് എന്നിവര്‍ വാദിച്ചു.
പരാതിക്കാരി അവിവാഹിതയാണെന്ന് പറഞ്ഞതുകൊണ്ട് താന്‍ അത് വിശ്വസിച്ചതെന്നും, അവര്‍ വിവാഹിതയാണെന്ന് പിന്നീടാണ് മനസിലാക്കിയതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ ഇയാള്‍ അവരില്‍ നിന്ന് അകലം പാലിച്ചു. ഇതിനുപിന്നാലെ അവര്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനും ക്രിമിനല്‍ പരാതികള്‍ നല്‍കാനും തുടങ്ങിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
ഇരുവര്‍ക്കുമിടയിലുള്ള ബന്ധം പൂര്‍ണ്ണമായും പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ഇരുവരും ഏകദേശം അഞ്ച് വര്‍ഷത്തോളം പരസ്പര സമ്മതത്തോടെ ലിവ്-ഇന്‍ ബന്ധത്തില്‍ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും ഈ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതും ദീര്‍ഘകാലം നീണ്ടുനിന്നതുമാണെന്ന കാര്യവും കോടതി കണ്ടെത്തി.
---------------
Hindusthan Samachar / Sreejith S