Enter your Email Address to subscribe to our newsletters

Chennai, 04 ഓഗസ്റ്റ് (H.S.)
തഞ്ചാവൂരില്‍ നടന്ന പൊതുപരിപാടിക്കിടെ പ്രമുഖ ചലച്ചിത്ര നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ ഇരട്ട അര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവും ഡി.എം.കെ (DMK) പ്രമുഖനുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
നാല് മണിക്കൂറാണ് ഉദയനിധി പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. രാവിലെ വീട്ടില്‍ എത്തിയാണ് തഞ്ചാവൂര്‍ പോലീസ് പ്രതിപക്ഷ നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്.
വിവാദം ഉടലെടുത്തത് എങ്ങനെ?
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കവേയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെയും നടി തൃഷയെയും പരോക്ഷമായി ലക്ഷ്യമിട്ട് ഉദയനിധി വിവാദപരമായ പരാമര്‍ശം നടത്തിയത്. ഉദയനിധിയുടെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ചിലര്‍ 'തൃഷ, തൃഷ' എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ ഇരട്ട അര്‍ത്ഥമുള്ള രീതിയില്‍ ഉദയനിധി സംസാരിക്കുകയും, പിന്നീട് താന്‍ കാവേരി വെള്ളത്തെക്കുറിച്ചാണ് പരാമര്‍ശിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.എന്നാല്‍, ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) പ്രവര്‍ത്തകര്‍ ഉദയനിധിയുടെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും അശ്ലീലത നിറഞ്ഞതുമാണെന്ന് ആരോപിച്ച് പോലീസിലും ദേശീയ വനിതാ കമ്മീഷനിലും (NCW) പരാതി നല്‍കി.അറസ്റ്റും മദ്രാസ് ഹൈക്കോടതി വിധിയുംതഞ്ചാവൂര്‍ ഈസ്റ്റ് പോലീസ് ഐ.ടി ആക്ട്, തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം (TNPHW Act), ഭാരതീയ ന്യായ സംഹിത (BNS) എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ചെന്നൈ നീലാങ്കരയിലെ വസതിയില്‍ നിന്ന് പോലീസും ജോയിന്റ് കമ്മീഷണര്‍ പി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയത്.
അറസ്റ്റ് ഭയന്ന് ഉദയനിധി സ്റ്റാലിന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി അടിയന്തിരമായി പരിഗണിച്ചു. അന്വേഷണവുമായി ഉദയനിധി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉദയനിധിയെ ചോദ്യം ചെയ്യുമെങ്കിലും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ (റിമാന്‍ഡ്) ആവശ്യപ്പെടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി, ഇന്നുതന്നെ ഉദയനിധിയെ ജാമ്യത്തില്‍ വിട്ടയക്കാന്‍ പോലീസിന് ഉത്തരവ് നല്‍കുകയായിരുന്നു.രാഷ്ട്രീയ പ്രതികരണങ്ങളും പ്രതിഷേധങ്ങളുംതന്റെ അറസ്റ്റിനെ ഒരു 'ഹാസ്യാത്മക സംഭവം' എന്നാണ് ഉദയനിധി സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. 'ഇതൊരു വ്യാജ കേസ് മാത്രമാണ്. കേസിനെ നിയമപരമായി തന്നെ നേരിടും,' എന്ന് പോലീസിന്റെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടി.വി.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഡി.എം.കെ ജനപ്രതിനിധികള്‍ക്കെതിരെ വ്യാജ കേസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചെന്നൈ, മധുര, തഞ്ചാവൂര്‍, ഈറോഡ്, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും തഞ്ചാവൂരില്‍ പോലീസിന് നേരെ ചെരുപ്പേറുണ്ടാകുകയും ചെയ്തു. അതേസമയം, പ്രതിഷേധത്തിന്റെ മറവില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ പൊതുജനങ്ങളെയും യാത്രക്കാരെയും ആക്രമിക്കുകയാണെന്ന് ടി.വി.കെ നേതാക്കളും ബി.ജെ.പിയും കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S