വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; പ്രിയദർശിനി പദ്ധതി നിർത്തലാക്കില്ലെന്ന് വ്യക്തത
Thiruvananthapuram , 05 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. തന്റെ പരാമർശങ്ങൾ കാരണം ആർക്കെങ്കിലും വിഷമമോ
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ


Thiruvananthapuram , 05 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. തന്റെ പരാമർശങ്ങൾ കാരണം ആർക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസാരിച്ച കൂട്ടത്തിൽ പറയാൻ പാടില്ലാത്ത ചില വാക്കുകൾ കടന്നുവന്നുവെന്നും, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന താൻ വാക്കുകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ഭരണകക്ഷിക്കുള്ളിലെ ചില വിഭാഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. അതേസമയം, സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രിയദർശിനി ബസ് സർവീസ് യാതൊരു കാരണവശാലും നിർത്തലാക്കില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറഞ്ഞു. സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും പ്രിയദർശിനി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പൂർണ്ണ അവകാശമുണ്ടെന്നും, സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്രാ സൗകര്യം സ്ത്രീകളുടെ അവകാശമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ, നിലവിലെ സർക്കാർ ഈ പദ്ധതി നിർത്തലാക്കാൻ ശ്രമിക്കുകയാണെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ അടിസ്ഥാനരഹിതമായ നുണപ്രചരണങ്ങൾ നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇത്തരം പ്രചരണങ്ങളിൽ സത്യമില്ലെന്നും പദ്ധതി തുടർന്നും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും, കേരളത്തിൽ ഇപ്പോഴും ദാരിദ്ര്യം നിലനിൽക്കുന്നുണ്ടെന്ന് താൻ നടത്തിയ പ്രസ്താവനയിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി മന്ത്രി സി.പി. ജോൺ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും, ആ വിഷയത്തിൽ നിലപാട മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവന തിരുത്തി ഖേദപ്രകടനം നടത്തിയ സാഹചര്യത്തിൽ ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് ശമനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നടപ്പിലാക്കിയ സൗജന്യ പൊതുഗതാഗത പദ്ധതിയാണ് പ്രിയദർശിനി സ്കീം. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കേരളത്തിലുടനീളമുള്ള KSRTC ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിന് ദൂരപരിധിയോ പ്രായപരിധിയോ വരുമാന പരിധിയോ ഇല്ല.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

- അർഹരായ യാത്രക്കാർ: കേരളത്തിലുള്ളവരോ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവരോ ആയ എല്ലാ സ്ത്രീകളും ട്രാൻസ്ജെൻഡർ വ്യക്തികളും.

- സൗജന്യ യാത്ര ലഭിക്കുന്ന ബസുകൾ: ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ-ടു-ടൗൺ, പോയിന്റ്-ടു-പോയിന്റ്, ഗ്രാമവണ്ടി, ഫെയർ-സ്റ്റേജ് ഓർഡിനറി സർവീസുകൾ.

- ഒഴിവാക്കിയ സർവീസുകൾ: ഫാസ്റ്റ് പാസഞ്ചർ, സിറ്റി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഡീലക്സ് ക്ലാസുകൾ, ഫെസ്റ്റിവൽ സ്പെഷ്യലുകൾ, ചാർട്ടേഡ് സർവീസുകൾ.

- രജിസ്ട്രേഷൻ: മുൻകൂട്ടിയുള്ള അപേക്ഷയോ രജിസ്ട്രേഷനോ പ്രത്യേക സ്മാർട്ട് കാർഡോ ആവശ്യമില്ല.

---------------

Hindusthan Samachar / Roshith K


Latest News