Enter your Email Address to subscribe to our newsletters

Newdelhi , 05 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഇന്ത്യൻ പതാക വഹിച്ച ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പൽ മുങ്ങി. ചൊവ്വാഴ്ചയാണ് സംഭവം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് കപ്പലിന് നേരെ പ്രൊജക്റ്റൈൽ (റോക്കറ്റ് അല്ലെങ്കിൽ മിസൈൽ) പതിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കടലിൽ മുങ്ങിയ 'എംഎസ്വി ഫൈസ് നൂറെ ഒലിയ' (MSV Faize Noore Oliya) എന്ന കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖാ (Port of Mokha) തുറമുഖത്തേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തികച്ചും ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യെമൻ അധികൃതരുമായി ചേർന്ന് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ യെമൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള തടസ്സമില്ലാത്ത വാണിജ്യ ഗതാഗതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും, ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ ഡയറക്ടർ ജനറൽ ഓഫ് മാരിറ്റൈം അഡ്മിനിസ്ട്രേഷന് (DGMA) പ്രത്യേക നിർദ്ദേശം നൽകി. മേഖലയിലെ ഇന്ത്യൻ നാവികരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഏകോപിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ചെങ്കടൽ മേഖലയിൽ അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തെയും സാധാരണക്കാരായ കപ്പൽ ജീവനക്കാരുടെ ജീവനെയും അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ ആഗോള സമുദ്ര ഗതാഗത മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
---------------
Hindusthan Samachar / Roshith K