Enter your Email Address to subscribe to our newsletters

Chennai , 05 ഓഗസ്റ്റ് (H.S.)
ചെന്നൈ:
കാവേരി നദീജല തർക്ക വിഷയത്തിലും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിലും തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിനും (ടിവികെ) എതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ടിവികെ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും സർക്കാരിന്റെ അനാസ്ഥ മറച്ചുവെക്കാനും പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുമാണ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
കാവേരി വിഷയം ഉന്നയിച്ച് തഞ്ചാവൂരിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിന് ലഭിച്ച ജനപിന്തുണ സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ രോഷമാണ് വ്യക്തമാക്കുന്നത്. കർണാടകയുടെ മേഖദാട്ടു അണക്കെട്ട് നിർമ്മാണ നീക്കത്തെ ചെറുക്കാനോ തമിഴ്നാടിന് അർഹമായ കാവേരി വെള്ളം നേടിയെടുക്കാനോ വിജയ് സർക്കാരിന് സാധിച്ചിട്ടില്ല. കർഷകർ കണ്ണീരൊഴുക്കുമ്പോൾ മുഖ്യമന്ത്രിയുടെ സിനിമ കണ്ട ശേഷം മന്ത്രിമാർ കണ്ണീരൊഴുക്കുകയാണെന്നും കഴിവുകെട്ട ഡമ്മി മുഖ്യമന്ത്രിയും ജോക്കർ കാബിനറ്റുമാണ് തമിഴ്നാട് ഭരിക്കുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
ബജറ്റ് സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടിയുണ്ടായത്. ചെന്നൈയിലെ വീട്ടിൽ നിന്ന് തഞ്ചാവൂരിലേക്ക് കൊണ്ടുപോയി കടുത്ത വകുപ്പുകൾ ചുമത്താനായിരുന്നു നീക്കം. എന്നാൽ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഈ ഫാസിസ്റ്റ് നീക്കത്തിന് മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടലോടെ തിരിച്ചടിയേറ്റതായി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അനാവശ്യമായ അറസ്റ്റ് നടപടികളിലൂടെ കാവേരി തർക്കത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിജയ് അധികാരമേറ്റ ശേഷം സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ ആരോപിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ സാധാരണക്കാരെയും എംഎൽഎമാരെയും കേസിൽ പെടുത്തുന്നു. നീറ്റ് പരീക്ഷയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും കർഷക പ്രക്ഷോഭങ്ങളെയും പോലീസ് ശക്തി ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ തുനിയുന്നത്.
മുഖ്യമന്ത്രി വിജയ് ഒരു ജനപ്രതിനിധിയായി പ്രവർത്തിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിലെ റീൽസ് ക്രിയേറ്ററെപ്പോലെയാണ് പെരുമാറുന്നതെന്നും സ്റ്റാലിൻ പരിഹസിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും നാടിന്റെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കാനും വിജയ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മുഴുവൻ ഡിഎംകെ പ്രവർത്തകരെയും ഉടനടി മോചിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K