Enter your Email Address to subscribe to our newsletters

Thrissur, 6 ഓഗസ്റ്റ് (H.S.)
പി.എസ്.സി.യിലെ ക്രമക്കേടുകളും റാങ്ക് ഹോൾഡർമാർക്ക് നിയമനം ലഭിക്കാത്തതും ആരോപിച്ച് യുവമോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തൃശ്ശൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.
തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സ്ഥിതി സംഘർഷഭരിതമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുവമോർച്ച നേതാക്കൾ അറിയിച്ചു. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും തുടർന്ന് ബലപ്രയോഗത്തിലൂടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷനായ പ്രതിഷേധയോഗം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി. ശുദ്ധീകരിക്കപ്പെടുകയും റാങ്ക് ഹോൾഡർമാർക്ക് അർഹമായ നിയമനം ഉറപ്പാക്കുകയും ചെയ്യുന്നതുവരെ യുവമോർച്ചയുടെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയും ജീവിതവും വെച്ച് പന്താടുന്ന ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കും പി.എസ്.സി.യിലെ ക്രമക്കേടുകൾക്കുമെതിരെ യുവമോർച്ചയുടെ പോരാട്ടം കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പോയി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ കേരളത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർത്ഥികളെ സന്ദർശിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
അർഹത നേടിയ യുവാക്കൾക്ക് ജോലി ഉറപ്പാക്കണമെന്നും, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ച എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ട് വർഷം പിന്നിട്ടിട്ടും തുടർന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനും നിയമനം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭരണം മാറിയെങ്കിലും പി.എസ്.സി. ഉദ്യോഗാർത്ഥികളോടുള്ള അവഗണനയ്ക്ക് മാറ്റമില്ലെന്നും സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് റാങ്ക് നേടിയ യുവാക്കളെ സമരപ്പന്തലിലേക്ക് തള്ളിവിടുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു ടി., ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻത്തു പറമ്പിൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ നന്ദിക്കര എന്നിവർ പ്രസംഗിച്ചു. യുവമോർച്ച നേതാക്കളായ വിഷ്ണു പുതുക്കാട്, നന്ദകുമാർ ചുമ്മാസ്, വിഷ്ണു ചേർപ്പ്, ശിവജി പുതുക്കാട്,
ലാൽ NR, ഹരിപ്രസാദ് വൈസ് പ്രസിഡന്റ് ജിനു ഗിരിജൻ ആശിഷT രാജ് സെക്രട്ടറി ശ്രീരാജ്, രഞ്ജിത്ത് വിഷ്‌ണു, സുമിത്,സജിത്ത്, ഗൗതം
അഞ്ജലി ഇടക്കാട്ടിൽ, അമൃത ശ്രീജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി അശ്വിന്ത്, കാളിദാസ്, ആദിത്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
---------------
Hindusthan Samachar / Sreejith S