അമിത് ഷായെ പ്രതിപക്ഷ പ്രതിഷേധം അറിയിക്കാന് നിര്ദേശിച്ച് രാജ്യസഭാ ചെയര്മാന്
New delhi, 06 ഓഗസ്റ്റ് (H.S.) നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെത്തി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തി
vp


New delhi, 06 ഓഗസ്റ്റ് (H.S.)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെത്തി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു.

പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വികാരവും ആവശ്യങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിനോട് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. ചെയര്‍മാന്റെ ഈ ഇടപെടലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുകയും വലിയ വിജയമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.എന്നാല്‍, ഭരണപക്ഷം ഇതിനു പിന്നാലെ ബഹളം ആരംഭിച്ചു. ഏത് മന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും ചെയര്‍മാന്റെ നിര്‍ദേശം അംഗീകരിക്കാമെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യോത്തര വേളയിലും സീറോ അവറിലും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ സഭയുടെ നടുക്കളത്തിലിറങ്ങി. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സംസാരിക്കാന്‍ ചെയര്‍മാന്‍ അനുമതി നല്‍കിയെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വലിയ വാക്‌പോരിന് വഴിവെച്ചു. തുടര്‍ന്ന്, സഭയുടെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാന്‍ ചെയര്‍മാന്‍ കിരണ്‍ റിജിജുവിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിനുശേഷവും പ്രതിഷേധം ശമിക്കാത്തതിനെ തുടര്‍ന്ന് സഭാനടപടികള്‍ ഉച്ചയ്ക്ക് 2.15 വരെ നിര്‍ത്തിവെക്കുകയായിരുന്നു.

ചെയര്‍മാന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ നടന്ന സംഭവങ്ങളില്‍ ആഭ്യന്തര മന്ത്രി സഭയിലെത്തി വ്യക്തത വരുത്തണമെന്ന് തങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് സിപിഎം എം.പി ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദിവസങ്ങളായി പാര്‍ലമെന്റിനെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് ഒളിച്ചോടുകയാണെന്നും, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന തങ്ങളുടെ അഭ്യര്‍ഥന അംഗീകരിച്ച ചെയര്‍മാന്റെ നിര്‍ദേശത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്റെ ഈ നിര്‍ദേശം മുഴുവന്‍ പ്രതിപക്ഷത്തിന്റെയും വലിയ വിജയമാണെന്ന് സി.പി.ഐ എം.പി പി. സന്തോഷ് കുമാറും പ്രതികരിച്ചു. ജൂലൈ 20-ന് നടന്ന ലാത്തിച്ചാര്‍ജില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷത്തിന് ചെയര്‍മാന്റെ നിര്‍ദേശം വലിയ ആശ്വാസമാണെന്നും, മന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News