എന്റെ രാജ്യത്ത് നിന്ന് എന്നെ ബലമായി പുറത്താക്കി, പക്ഷേ ജനങ്ങളിൽ നിന്ന് അകറ്റാൻ കഴിയില്ല: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
Newdelhi , 06 ഓഗസ്റ്റ് (H.S.) ന്യൂഡൽഹി: സ്വന്തം രാജ്യത്ത് നിന്ന് എന്നെ ബലമായി പുറത്താക്കിയതാണ്, എന്നാൽ എന്റെ ജനങ്ങളിൽ നിന്നും അവരുടെ സ്നേഹത്തിൽ നിന്നും എന്നെ ഒരിക്കലും വേർപെടുത്താൻ കഴിയില്ല — വിതുമ്പിക്കൊണ്ട് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ്
എന്റെ രാജ്യത്ത് നിന്ന് എന്നെ ബലമായി പുറത്താക്കി, പക്ഷേ ജനങ്ങളിൽ നിന്ന് അകറ്റാൻ കഴിയില്ല: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന


Newdelhi , 06 ഓഗസ്റ്റ് (H.S.)

ന്യൂഡൽഹി: സ്വന്തം രാജ്യത്ത് നിന്ന് എന്നെ ബലമായി പുറത്താക്കിയതാണ്, എന്നാൽ എന്റെ ജനങ്ങളിൽ നിന്നും അവരുടെ സ്നേഹത്തിൽ നിന്നും എന്നെ ഒരിക്കലും വേർപെടുത്താൻ കഴിയില്ല — വിതുമ്പിക്കൊണ്ട് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാക്കുകളാണിത്. തടവിലാക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും, തന്റെ ജന്മനാടായ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങുമെന്നും വികസനത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുവരുമെന്നും ഹസീന വ്യക്തമാക്കി. ന്യൂഡൽഹിയിൽ വെച്ച് മാധ്യമങ്ങളുമായി നടത്തിയ വെർച്വൽ ആശയവിനിമയത്തിലാണ് അവർ തങ്ങളുടെ നിലപാടുകൾ പങ്കുവെച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി തന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് അനുഭവിക്കുന്ന ദുരിതങ്ങൾ താൻ കാണുന്നുണ്ടെന്നും, ഇതായിരുന്നില്ല താൻ കെട്ടിപ്പടുത്ത ബംഗ്ലാദേശെന്നും അവർ വൈകാരികമായി പറഞ്ഞു. 1971-ൽ 30 ലക്ഷത്തോളം ആളുകൾ ജീവൻ ബലി നൽകിയത് ഇത്തരം ഒരു രാജ്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് അവർ ഓർമ്മിപ്പിച്ചു.

2024 ജൂലൈ-ഓഗസ്റ്റ് സംഘർഷങ്ങൾ:

2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും ഹസീന സംസാരിച്ചു. അത് കേവലം സമാധാനപരമായ ഒരു വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നില്ലെന്ന് അവർ ആരോപിച്ചു. തുടക്കം മുതൽ തങ്ങളുടെ സർക്കാർ സംഭാഷണങ്ങളിലൂടെയും നിയമപരമായ വഴികളിലൂടെയും ക്ഷമയോടെയും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പരിഷ്കാരങ്ങളുടെ മറവിൽ പ്രക്ഷോഭത്തെ വൻ അക്രമത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ ആയുധമാക്കാൻ ചില സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുകയായിരുന്നു, ഹസീന ചൂണ്ടിക്കാട്ടി.

മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഇടക്കാല ഭരണകൂടത്തെ ഹസീന ശക്തമായി വിമർശിച്ചു. ഈ പ്രക്ഷോഭം മുൻകൂട്ടി കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് യൂനുസ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും, വോട്ടെടുപ്പിലൂടെ അല്ലാതെ അധികാരം പിടിച്ചെടുക്കാൻ സംഘടിതമായി നടത്തിയ നീക്കമായിരുന്നു ഇതെന്നും അവർ വ്യക്തമാക്കി. ബംഗ്ലാദേശിലെ വീടുകളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ഇന്ന് ഭയം നിറഞ്ഞിരിക്കുകയാണെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.

അക്രമങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം:

ഹസീനയോടൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മകൻ സജീബ് വസീദ്, ബംഗ്ലാദേശിലെ മരണനിരക്കുകളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സംസാരിച്ചു. യൂനുസ് സർക്കാർ കൊണ്ടുവന്ന 'ഇൻഡെംനിറ്റി ഓർഡിനൻസ്' (Indemnity Ordinance) പ്രക്ഷോഭകർക്ക് അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പൂർണ്ണമായ നിയമസംരക്ഷണം നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

സാധാരണക്കാരെയും പൊലീസുകാരെയും രാഷ്ട്രീയ പ്രവർത്തകരെയും കൊലപ്പെടുത്തിയവർക്ക് പോലും നിയമപരമായ ശിക്ഷയിൽ നിന്ന് സംരക്ഷണം നൽകുന്നത് മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ലംഘനമാണെന്ന് സജീബ് വസീദ് പറഞ്ഞു.

ജയിലിലടച്ചാലും കൊല്ലാൻ ശ്രമിച്ചാലും ഭയം കാരണം തന്റെ കടമകളിൽ നിന്ന് പിന്മാറില്ലെന്നും, ബംഗ്ലാദേശിലെ ജനങ്ങൾക്കായി പോരാട്ടം തുടരുമെന്നും ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് ഷെയ്ഖ് ഹസീന വെർച്വൽ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

---------------

Hindusthan Samachar / Roshith K


Latest News